ചെന്നൈ: നാലു വയസ് പ്രായമുള്ള കുട്ടിയെ യുവാക്കള്‍ മദ്യം കുടിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ വൈറലാകുന്നു. വാട്ട്‌സ് ആപ്പിലൂടെ പുറത്തു വന്ന വീഡിയോ പിന്നീട് ഫേസ്ബുക്കിലൂടെ വൈറലാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വീഡിയോയില്‍ ഉള്ള മറ്റ് മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
തിരുവണ്ണാമലൈ ജില്ലയിലെ മേല്‍ ചോളങ്കുപ്പം ഗ്രാമത്തില്‍ ജൂണ്‍ 30നാണ് സംഭവം. അറസ്റ്റിലായവരില്‍ ഒരാള്‍ കുട്ടിയുടെ അമ്മാവന്‍ മുരുകനാണ്. മുരുകനും സുഹൃത്ത് മണികണ്ഠനും മറ്റ് മൂന്ന് പേരും കൂടി വീടിന് സമീപത്തുള്ള കായലിനരികത്തിരുന്നു മദ്യപിക്കവെയാണ് സംഭവം. ആ സമയം മുരുകനൊപ്പം സഹോദരി പുത്രനായ നാലു വയസുകാരനുമുണ്ടായിരുന്നു.
കുപ്പിയില്‍ നിന്നും കപ്പിലേക്ക് മദ്യം പകരുന്നതും അത് കുട്ടിയെ നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നതും ഒന്നര മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോയില്‍ വ്യക്തമാണ്. ഇതോടൊപ്പം പ്ലാസ്റ്റിക് ബാഗില്‍ വച്ചിരിക്കുന്ന കപ്പലണ്ടി എടുത്ത് കൊറിക്കാന്‍ കുട്ടിയോട് അവര്‍ ആവശ്യപ്പെടുന്നുമുണ്ട്. കാമറയില്‍ നോക്കി തങ്ങള്‍ ചെയ്യുന്നതു പോലെ ചെയ്യാനാണ് ഇവര്‍ കുട്ടിയോട് പറയുന്നത്. അതു പോലെ നിഷ്‌ക്കളങ്കനായ കുട്ടി അനുസരിക്കുന്നതും അത് കണ്ട് യുവാക്കള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിഡോയില്‍ കാണാം.
പ്രതികളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എം. ഗണേശന്‍ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളോടും പൊലീസ് സംസാരിച്ചു. കുട്ടിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















