ന്യൂദല്‍ഹി : പിഎഫിലെ നിക്ഷേപം പൂര്‍ണമായി ഇനി പിന്‍വലിക്കാനാകില്ല. ഇതു സംബന്ധിച്ച ശുപാര്‍ശ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കൈമാറി. വരുന്ന 15 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ലേബര്‍ സെക്രട്ടറി ശങ്കര്‍ അഗര്‍വാള്‍ പറഞ്ഞു.
ജോലിയില്‍നിന്ന് രാജിവെക്കുമ്പോഴോ മറ്റ് കാരണങ്ങളാലോ പെന്‍ഷനാകുന്നതിന് മുമ്പ് നിക്ഷേപം മുഴുവന്‍ പിന്‍വലിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലാവധിയെത്തുന്നതിന് മുമ്പ് പിന്‍വലിക്കാവുന്ന തുക 75 ശതമാനമായി ചുരുക്കാനാണ് പുതിയ തീരുമാനം. തൊഴിലാളികളുടെ വയസ്സുകാലത്തെ സുരക്ഷ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ രീതി കൊണ്ടുവന്നത്.
നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ വീട് പണിയുന്നതിനോ ചികിത്സയ്‌ക്കോ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയ്‌ക്കോ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാകും. മൊത്തം തുകയുടെ 75 ശതമാനം മാത്രമേ ഇത്തരം ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാന്‍ സാധിക്കൂ.
പണം പൂര്‍ണമായി പിന്‍വലിക്കാനുള്ള സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും വയസ്സുകാലത്തെ സാമൂഹ്യ സുരക്ഷയ്‌ക്കാണ് പ്രൊവിഡന്റ് ഫണ്ട് മുന്‍ഗണന നല്‍കുന്നതെന്നും സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ കെ.കെ ജലാന്‍ വ്യക്തമാക്കി.
പുതിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഉടന്‍ വിജ്ഞാപനമിറക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും കെ.കെ. ജലാന്‍ പറഞ്ഞു.
















