ന്യൂദല്‍ഹി: വ്യാപം കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസന്വേഷിക്കുന്നത്. സംഘം പ്രവര്‍ത്തിക്കുന്നത് മധ്യപ്രദേശ് സര്‍ക്കാരിന് കീഴിലല്ലെന്നും ഹൈക്കോടതിയാണ് അന്വേഷണസംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം കേസ് ശരിയായ രീതിയില്‍ അന്വേഷിക്കുന്നില്ലെന്നും മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെടേണ്ടത് സുപ്രീംകോടതിയോ ഹൈക്കോടതിയോ ആണ്. കോടതി ഇക്കാര്യം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് മധ്യപ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തയ്യാറാണ്. കേസില്‍ സിബിഐ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ നിരസിച്ചിരുന്നു. ഇതിനാലാണ് വിഷയത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്, രാജ്‌നാഥ്‌സിങ് വ്യക്തമാക്കി.
വ്യാപം കേസുമായി ബന്ധപ്പെട്ടുണ്ടായ തുടര്‍ച്ചയായ മരണങ്ങള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ നേരില്‍കണ്ട് അറിയിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി. പ്രതിപക്ഷം അനാവശ്യമായ വിഷയങ്ങളാണ് സൃഷ്ടിക്കുന്നത്. മരണങ്ങള്‍ രാഷ്‌ട്രീയവല്‍ക്കരിക്കരുത്, രാജ്‌നാഥ്‌സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നടക്കുന്ന മരണങ്ങളെയെല്ലാം വ്യാപം കേസുമായി ബന്ധപ്പെടുത്തരുതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. ഇന്നലെ സാഗര്‍ നഗരത്തിലെ കുളത്തില്‍ ആത്മഹത്യചെയ്ത നിലയില്‍ കാണപ്പെട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി അനാമിക കുശ്‌വാഹ(25)യുടെ മരണം ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ എല്ലാ മരണങ്ങളെയും വ്യാപം കേസുമായി ബന്ധിപ്പിക്കരുടെന്നും ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. വ്യാപം കേസുമായി ബന്ധപ്പെട്ട് ഏതു വെല്ലുവിളി സ്വീകരിക്കാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച 25ലേറെ പേര്‍ക്ക് വ്യാപം അഴമതിക്കേസുമായി യാതൊരുബന്ധവുമില്ലാത്തതാണെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മരിച്ച അനാമിക കുശ്‌വാഹയുടെ പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മൃതദേഹങ്ങള്‍ കൊണ്ട് രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബിജെപി ദേശീയ നേതൃത്വം പറഞ്ഞു.
















