ന്യൂദല്‍ഹി: അവിവാഹിതരായ അമ്മമാര്‍ക്ക് പിതാവിന്റെ അവകാശമില്ലാതെ മക്കളുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇതിന് കുട്ടിയുടെ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും ജസ്റ്റിസ് വിക്രംജിത് സിങ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
നേരത്തെ ഇത്തരം സാഹചര്യങ്ങളില്‍ പിതാവിന് നോട്ടീസ് അയയ്‌ക്കുകയും സമ്മതം വാങ്ങുകയും ചെയ്യേണ്ടിയിരുന്നു. ആ വ്യവസ്ഥയാണ് സുപ്രീംകോടതി നീക്കിയത്. ഹൈക്കോടതി ഉള്‍പ്പടെയുള്ള കീഴ്‌ക്കോടതികള്‍ ഈ പ്രശ്നത്തില്‍ കുട്ടിയുടെ ക്ഷേമത്തെപ്പറ്റി ചിന്തിക്കാതെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സുപ്രീം കോടതി പറഞ്ഞു.
അവിവാഹിതരായ അമ്മമാര്‍ക്ക് അവരുടെ കുട്ടികളുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കുന്നതിന് അച്ഛന് നോട്ടീസ് അയക്കണമെന്ന രീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗസറ്റഡ് ഉദ്യോഗസ്ഥയായ യുവതി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കുട്ടിയുടെ അച്ഛനായ ആള്‍ തന്നോടൊപ്പം രണ്ടു മാസം മാത്രമാണ് താമസിച്ചതെന്നും കുട്ടിയുണ്ടായ കാര്യം അയാള്‍ക്ക് അറിയില്ലെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. ഇവരുടെ പരാതി നേരത്തെ പരിഗണിച്ച കീഴ്‌ക്കോടതിയോട് വിധി പുന:പരിശോധിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
















