തായ്‌പേ: തയ്‌വാനിലെ ന്യൂ തായ്‌പേ നഗരത്തിലെ വാട്ടര്‍ പാര്‍ക്കിലുണ്ടായ അഗ്‌നിബാധയില്‍ 474 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 200ഓളം പേര്‍ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫോര്‍മോസ ഫണ്‍ കോസ്റ്റ് വാട്ടര്‍ പാര്‍ക്കിലാണ് സംഭവം നടന്നത്.
പാര്‍ക്കില്‍ അപകടം നടന്ന കളര്‍ പ്ലേ ഏഷ്യ ഇവന്റില്‍ ആ സമയം ആയിരത്തോളം പേര്‍ പങ്കെടുത്തിരുന്നു.നൃത്തം ചെയ്തു കൊണ്ടിരുന്ന ആള്‍ക്കൂട്ടത്തിലേക്ക് അടിച്ച കളര്‍ പൗഡര്‍ സ്‌പ്രേ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്.
രാത്രിയാണ് സംഭവം. പരിഭ്രാന്തരായി ആളുകള്‍ ഓടുന്നതിനിടെയാണ് പലര്‍ക്കും പരിക്കേറ്റത്. അഗ്‌നിബാധയ്‌ക്ക് മുമ്പ് സ്‌ഫോടനം ഉണ്ടായതായതും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ന്യൂ തായ്‌പേ, തായ്‌പേ, താവോയുവാന്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
















