ലണ്ടന്‍: 35000 അടി ഉയരത്തില്‍, മൈനസ് 50 ഡിഗ്രി സെന്റീഗ്രേഡ് തണുപ്പത്ത്, 8000 കിേലാമീറ്റര്‍ യാത്ര. അതും പതിനൊന്നു മണിക്കൂര്‍.ഒടുവില്‍ വിധി വിമാനത്തില്‍ നിന്ന് വീണു മരിക്കാനും.
ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ ചക്രമിരിക്കുന്ന അറയില്‍ അള്ളിപ്പിടിച്ചു കിടന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന രണ്ടു യുവാക്കളില്‍ ഒരാള്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് താഴെ വീണു മരിച്ചു. ഒരാള്‍ താഴെ വീണ് ഗുരുതര പരിക്കോടെ ആശുപത്രിയിലാണ്. ഇവരുടെ പേരടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മൃതദേഹം ലണ്ടനിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് കണ്ടെത്തിയത്. ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള സമയത്ത് അറയില്‍ നിന്ന് ചക്രങ്ങള്‍ ഇറങ്ങിവന്നപ്പോള്‍ അതിനൊപ്പം ഇയാള്‍ വീണതായിരിക്കുമെന്നാണ് സൂചന. പരിക്കേറ്റയാള്‍ ചരക്കറയ്‌ക്കുള്ളില്‍ കയറിക്കൂടിയതാകാം. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പുറത്തിറങ്ങാന്‍ ശ്രമിച്ച സമയത്ത് അപകടം പറ്റിയതായിരിക്കാമെന്നും കരുതുന്നു.
















