സനാ: യെമനില്‍ ഹൂതി വിമതര്‍ ഗവര്‍ണറെ കൊലപ്പെടുത്തി. സനാ ഗവര്‍ണര്‍ അബ്ദുള്‍ ഗഹാനി ജാമിലിനെയാണു ഹൂതികള്‍ കൊലപ്പെടുത്തിയത്. ഗവര്‍ണറെ ബന്ദിയാക്കാന്‍ നടത്തിയ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ഇദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഗവര്‍ണറുടെ സഹോദരിയുടെ മകന്‍ നസീര്‍ ജാമിലും കൊല്ലപ്പെട്ടു.
സൗദിയിലേക്കു പലായനം ചെയ്ത യെമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയാണ് അബ്ദുള്‍ ഗഹാനിയെ സനായുടെ ഗവര്‍ണറായി നിയമിച്ചത്. ഗവര്‍ണര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വിവരം അദ്ദേഹത്തിന്റെ ബന്ധുക്കളാണു മാധ്യമങ്ങളെ അറിയിച്ചത്.
















