മഥുര: രാജ്യത്തെ ദുര്‍ദ്ദിനങ്ങളും അഴിമതിയും കുംഭകോണങ്ങളും അവസാനിച്ചുവെന്നും രാജ്യം കൊള്ളയടിച്ചവര്‍ക്കു മാത്രമാണിപ്പോള്‍ മോശം നാളുകളെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദല്‍ഹിയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ മഥുരയ്‌ക്ക് സമീപമുള്ള പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദേശമായ നഗ്‌ല ചന്ദ്രഭാന്‍ ഗ്രാമത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ‘തളരാതെ, നിര്‍ത്താതെ, പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക’ എന്ന് ദീനദയാല്‍ജിയുടെ വാക്കുകളിലൂടെ പ്രധാനമന്ത്രി ജനസഞ്ചയത്തെ ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി പദത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച ദീനദയാല്‍ജിയുടെ ജന്മസ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞാന്‍ പ്രധാന മന്ത്രിയല്ല, പ്രധാന കാവല്‍ക്കാര(സെന്‍ട്രി)നാണ്, അദ്ദേഹം കരഘോഷങ്ങള്‍ക്കിടെ പറഞ്ഞു.
വാഗ്ദാനം ചെയ്ത നല്ലദിനങ്ങള്‍ ജനങ്ങളിലേക്ക് എത്തിയതായി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവും നടത്തി. കേന്ദ്ര ഭരണം നിരവധി പേര്‍ക്ക് നല്ലദിനങ്ങളാണ്, എന്നാല്‍ രാജ്യത്തെ കൊള്ളയടിച്ചവര്‍ക്ക് ചീത്ത ദിവസങ്ങളാണ്. അവര്‍ക്ക് നല്ല ദിനങ്ങള്‍ നല്‍കാമെന്ന് ഞാന്‍ വാക്കുനല്‍കിയിട്ടില്ല. ഭരണസംവിധാനങ്ങളില്‍ നിന്നും അഴിമതി ഇല്ലാതാക്കിയെന്നും ഏതെങ്കിലും മന്ത്രി അഴിമതി നടത്തിയ വാര്‍ത്ത ആരെങ്കിലും ഇതുവരെ കേട്ടോയെന്നും മോദി ചോദിച്ചു.
















