ലോസ്ഏഞ്ചല്‍സ്: അമേരിക്കന്‍ സ്വദേശിയും ഭാരതവശജനുമായ 11കാരന് യുഎസ് കോളേജില്‍നിന്നും ബിരുദം. തനിഷ്‌ക് എബ്രഹാം എന്ന കാലിഫോര്‍ണിയ സ്‌ക്രമെന്റോ സ്വദേശിയായ ബാലനാണ് അപൂര്‍വ്വനേട്ടം കരസ്ഥമാക്കിയത്.
1800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അമേരിക്കന്‍ റിവര്‍ കോളേജില്‍ നിന്നും ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥി കൂടിയാണ് എബ്രഹാം. കോളേജിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ നേട്ടത്തിനാണ് ഇത് വഴിവെച്ചിരിക്കുന്നതെന്ന് കോളേജ് വക്താവ് സ്‌കോട് ക്രോ അറിയിച്ചു.
ഉയര്‍ന്ന ഐക്യു നിലവാരമുള്ളവരുടെ ഗ്രൂപ്പില്‍ നാലുവയസ് പ്രായമുള്ളപ്പോള്‍ തന്നെ എബ്രഹാം അംഗത്വം നേടി. എന്നാല്‍ ഇതേപ്രായത്തിലുള്ളവരേക്കാള്‍ ഐക്യു കൂടുതലുള്ളതിനാല്‍ മറ്റുകുട്ടികളുടെ പരിഹാസത്തെതുടര്‍ന്ന് ഏഴാമത്തെ വയസ്സില്‍ സ്‌കൂള്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് അമ്മയുടെ സഹായത്തോടെ വീട്ടിലിരുന്നായിരുന്നു പഠനം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പരീക്ഷയെഴുതി ഹൈസ്‌കൂള്‍ ഡിപ്ലോമ യോഗ്യത നേടിയ ശേഷമാണ് എബ്രഹാം ബിരുദത്തിന് ശ്രമിച്ചത്.
എബ്രഹാമിന്റെ ഈ അപൂര്‍വ്വ നേട്ടത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും കത്തെഴുതിയിട്ടുണ്ട്. അതേസമയം, കോളജില്‍ നിന്നും ബിരുദം നേടിയെടുത്തത് തനിക്ക് വലിയ കാര്യമൊന്നുമല്ലെന്നാണ് എബ്രഹാം പ്രദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചത്. ഭാവിയില്‍ ഡോക്ടര്‍, അല്ലെങ്കില്‍ വൈദ്യശാസ്ത്രജ്ഞന്‍ ആകാനാണ് ഇഷ്ടമെന്നും പ്രസിഡന്റാകാനും താത്പ്പര്യമുണ്ടെന്നും എബ്രഹാം പറഞ്ഞു.
















