കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍പ്പെട്ടവര്‍ക്ക് സഹായം നല്‍കാനായി പോകവെ കാണാതായ യുഎസ് സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. ചൈന അതിര്‍ത്തിക്ക് സമീപമാണ് കോപ്ടറിന്റെ അവശിഷ്ടങ്ങള്‍ നേപ്പാള്‍ സൈന്യം കണ്ടെത്തിയത്. ദിവസങ്ങളായി കോപ്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൈന്യം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടക്ക് കിഴക്കന്‍ കാഠ്മണ്ഡുവില്‍ കോപ്ടര്‍ കാണാതായത്. യുഎച്ച് 1വൈ ഹ്യൂ എന്ന ഹെലികോപ്ടറില്‍ ആറ് യുഎസ് നാവികരും നേപ്പാള്‍ ആര്‍മിയിലെ രണ്ട് സൈനികരും ഉണ്ടായിരുന്നു. അപകടത്തില്‍ ആരെങ്കിലും രക്ഷപെട്ടതായി അറിവില്ലെന്നും അക്കാര്യം സ്ഥിരീകരിക്കാറായിട്ടില്ലെന്നും മേജര്‍ ജനറല്‍ ബിനോജ് ബാസ്‌നെറ്റ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കോപ്ടര്‍ തകര്‍ന്ന് കിടക്കുന്നത് തങ്ങള്‍ ആകാശത്ത് നിന്നാണ് കണ്ടതെന്നും അവിടെ ഇറങ്ങിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
















