ചേര്‍ത്തല: താലൂക്കിലെ 18 പഞ്ചായത്തുകളിലെയും, നഗരസഭയിലെയും ശുദ്ധജലവിതരണ പൈപ്പുകളിലെ തകരാറുകള്‍ പരിഹരിക്കുന്നതിനായി ജല അതോറിറ്റി ചേര്‍ത്തല സബ് ഡിവിഷന് 30 ലക്ഷം രൂപ അനുവദിക്കണമെന്ന് ചേര്‍ത്തല താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ചേര്‍ത്തല മിനി സ്‌റ്റേഷനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഓഫീസ് പൊതുജന സൗകര്യാര്‍ത്ഥം താഴത്തെ നിലയിലേക്ക് മാറ്റണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൂന്നാംകര കലുങ്കിന് സമീപത്തെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനത്തിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
തെക്ക് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ സഹായത്തോടെ ജല അതോറിറ്റി തന്നെ കുടിവെള്ളമെത്തിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ജോര്‍ജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, ആഘോഷ്‌കുമാര്‍, ടി.കെ. ശശികല, പ്രമീള, സൂര്യദാസ്, ജോണ്‍ പുളിക്കപ്പറമ്പില്‍, പി.എസ്. ഗോപിനാഥപിള്ള, പി.കെ. ഫസലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
















