മണ്ണുവാരിക്കളിച്ചോനേ,
മരംകേറിക്കളിച്ചോനേ,
നദിയില്‍ പോയ് നീന്തി നീന്തി-
ത്തുടിച്ചവനേ, കണ്ണാ
വരൂ നീയെന്‍ മനസ്സിന്റെ
അകത്തളത്തില്‍.
ഗോക്കളെയും മേച്ചു ഗോവര്‍-
ദ്ധനത്തിനു പൂജ ചെയ്തു
മഴപെയ്യിച്ചിന്ദ്രഗര്‍വം
കളഞ്ഞവനേ, കണ്ണാ
വരൂ നീയെന്‍ മനസ്സിന്റെ
അകത്തളത്തില്‍.
തിരുമുടിച്ചാര്‍ത്തിലൊരു
മയില്‍പ്പീലി ചൂടി ചുണ്ടില്‍
മുരളിക ചേര്‍ത്തു ഗാനം
പൊഴിക്കുവോനേ, കണ്ണാ
വരൂ നീയെന്‍ മനസ്സിന്റെ
അകത്തളത്തില്‍.
വനലീലയാടിയാടി
വനഭോജനം നടത്തി
വനമാലയണിഞ്ഞോനേ
കമലക്കണ്ണാ, കണ്ണാ
വരൂ നീയെന്‍ മനസ്സിന്റെ
അകത്തളത്തില്‍.
കുതിരയെ നിയന്ത്രിക്കാന്‍
രഥത്തില്‍ ചമ്മട്ടിയേന്തി
കര്‍മഭൂവില്‍ വിജയത്തെ
നയിക്കുവോനേ, കണ്ണാ
വരൂ നീയെന്‍ മനസ്സിന്റെ
അകത്തളത്തില്‍.
കണിക്കൊന്നപ്പൂവിനൊപ്പം
എനിക്കുള്ളതൊക്കെ വെച്ചു
നിറദീപം തെളിച്ചു ഞാ-
നിരിപ്പൂ കണ്ണാ, കണ്ണാ
വരൂ നീയെന്‍ മനസ്സിന്റെ
അകത്തളത്തില്‍.
ഇരുട്ടെല്ലാമകറ്റുന്നൊ-
രുദയപ്പൊന്‍ കതിരായി,
ചിരിതൂകിക്കരം നീട്ടി-
ത്തഴുകും കണ്ണാ, കണ്ണാ
വരൂ നീയെന്‍ മനസ്സിന്റെ
അകത്തളത്തില്‍
അഖിലാണ്ഡ വിശ്വസൃഷ്ടി-
സ്ഥിതിലയമൂലമായി-
ട്ടനന്താനന്ദാമൃതമായ്
ലസിക്കുവോനേ, കണ്ണാ
വരൂ നീയെന്‍ മനസ്സിന്റെ
അകത്തളത്തില്‍.
















