പൂഞ്ഞാര്‍: പനച്ചിപ്പാറ കണിയാംകുന്നേല്‍ ചെക്ക്ഡാം തകര്‍ച്ചയുടെ വക്കിലെത്തി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല.
ഇരുപതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ചതാണ് ചെക്ക്ഡാം. കാലങ്ങളായുള്ള അധികൃതരുടെ അനാസ്ഥയാണ് ഡാം നശിക്കാന്‍ കാരണം. ഇരുന്നൂറോളം കുടുംബങ്ങളുടെ അശ്രയമായ പേരൂപ്പറമ്പില്‍ കുടിവെള്ള പദ്ധതിക്കും പനച്ചിപ്പാറ പെരുന്നിലം മേഖലകളിലെ നിരവധി കിണറുകള്‍ക്കും വെള്ളത്തിന്റെ ശ്രോതസ്സ് ഈ ചെക്ക്ഡാമാണ്. പൊട്ടിപ്പൊളിഞ്ഞ ഡാമില്‍നിന്നും വേനല്‍ക്കാലത്ത് വെള്ളം ചോര്‍ന്ന് പോകുന്നതിനാല്‍ പ്രദേശത്ത് കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. വെള്ളം ചോര്‍ന്നൊലിക്കുന്ന ഡാമിന്റെ വിടവുകളില്‍ നാട്ടുകാര്‍ കല്ലുകളും മണല്‍ച്ചാക്കുകളും നിറച്ച് വെള്ളം തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. ചെക്ക്ഡാമിന്റെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി തീര്‍ത്ത് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















