387. പിണ്ഡാണ്ഡസ്ഥാ: – പിണ്ഡാണ്ഡത്തില്‍ സ്ഥിതിചെയ്യുന്നവള്‍. പിണ്ഡാണ്ഡമായി രൂപം സ്വീകരിക്കുന്നതും അതിനുള്ളില്‍ ചൈതന്യമായി വര്‍ത്തിക്കുന്നതും കുണ്ഡലിനീരൂപമായ മൂകാംബികാദേവി തന്നെയാണ്.
388. കല്യരൂപാ: – ശ്രേഷ്ഠവും മംഗളകരവുമായ രൂപം ധരിച്ചവള്‍. പിണ്ഡാണ്ഡത്തിന്റെയും അതില്‍ ബന്ധിക്കപ്പെടുന്ന ജീവാത്മാവിന്റെയും സംരക്ഷണം നിര്‍വഹിക്കുന്നത് കുണ്ഡലിനീരൂപയായ പരാശക്തിതന്നെയാണ്.
389. അമൃതസ്യന്ദവര്‍ഷിണീ: – ആധാരചക്രങ്ങളെയും ഗ്രന്ഥികളെയും ഭേദിച്ച് കുണ്ഡലിനീശക്തി സഹസ്രാരത്തിലെത്തി അവിടെയുള്ള ശിവചൈതന്യത്തില്‍ ലയിക്കുന്ന പ്രക്രിയയെ സ്ത്രീപുരുഷന്മാരുടെ ലൈംഗികവേഴ്ചയെന്നപോലെയാണ് യോഗശാസ്ത്രം വിവരിക്കുന്നത്. മൈഥുനത്തില്‍ ശുക്ലവും രേതസ്സും സ്രവിക്കുമ്പോഴുണ്ടാകുന്ന നൈമിഷികമായ ഹര്‍ഷംപോലെ ശരീരത്തിലെ എല്ലാ ധാതുക്കളെയും ആനന്ദിപ്പിക്കുന്ന ശാശ്വതമായ ആനന്ദാനുഭൂതി കുണ്ഡലിനിയും ശിവനും തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന അമൃതസ്യന്ദം ശരീരത്തിലെ എല്ലാ നാഡികളിലും വ്യാപിക്കുമ്പോള്‍ യോഗി അനുഭവിക്കും. ശിവശക്തികളില്‍ നിന്ന് അഭിന്നനായിത്തീരുന്ന യോഗി തുടര്‍ന്നു ജീവിക്കണമെന്നു ദേവി തീരുമാനിച്ചാല്‍ അയാള്‍ ജീവന്മുക്തനായിരിക്കും. (201 മുതല്‍ 389 വരെ നാമങ്ങള്‍ മൂകാംബികയുടെ കുണ്ഡലിനീരൂപത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വിവിധഭാഗങ്ങളെ സ്തുതിക്കുന്നു.
390. ഐംകാരരൂപിണീ ശക്തി: – ‘ഐം’ എന്ന മന്ത്രാക്ഷരത്തിന്റെ രൂപം സ്വീകരിച്ച ശക്തി. ഐംകാരം വാഗ്ഭവബീജമാണ്. സംഭാഷണത്തിലും മന്ത്രത്തിലും ഉപയോഗിക്കുന്ന എല്ലാ ഉച്ചരിതശബ്ദങ്ങളുടെയും ബീജമാണെന്നു പറയാം. ഐംകാരമായി രൂപം പൂണ്ട് മനുഷ്യന്റെ ആധിഭൗതികവും ആദ്ധ്യാത്മികവുമായ എല്ലാ വ്യവഹാരങ്ങള്‍ക്കും മാദ്ധ്യമമായി വര്‍ത്തിക്കുന്നവളായ മൂകാംബികയെ നാമം സ്തുതിക്കുന്നു.
391. ഐശ്വര്യപദദായിനീ: – ഈശ്വരസംബന്ധിയായത് ഐശ്വര്യം ഭക്തനെ ഈശ്വരപദത്തിലേയ്‌ക്ക് നയിക്കുന്നവള്‍ ഐശ്വര്യപദദായിനി. മുന്‍നാമത്തിന്റെ സാഹചര്യത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ ‘ഐം’ എന്ന മന്ത്രാക്ഷരം സാധകന് ഈശ്വരപദവി നല്‍കും എന്നു വ്യാഖ്യാനിക്കാം.
… തുടരും
















