ചേര്‍ത്തല: അധികൃതരുടെ അനാസ്ഥയില്‍ തണ്ണീര്‍മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി. കയര്‍, കര്‍ഷക, മത്സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് തണ്ണീര്‍മുക്കം. ജില്ലയിലെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ പഞ്ചായത്തും ഇത് തന്നെ. തണ്ണീര്‍മുക്കം, മുഹമ്മ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പുറമേ കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഭാഗങ്ങളില്‍നിന്നും ധാരാളംപേര്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.
ദിവസം അഞ്ഞൂറോളം പേരാണ് ഒപി വിഭാഗത്തില്‍ എത്തുന്നത്. മൂന്ന് ഡോക്ടര്‍മാരുള്ള ഇവിടെ ഒരാള്‍ പ്രസവാവധിയിലാണ്. കഴിഞ്ഞ ദിവസം രണ്ട് ഡോക്ടര്‍മാരും അവധിയിലായിരുന്നതിനാല്‍ നിരവധി രോഗികളാണ് ചികിത്സ കിട്ടാതെ മടങ്ങിയത്. കിടത്തി ചികിത്സയും ഫലപ്രദമായി നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ നിയമനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ വൈകുന്നേരങ്ങളില്‍ പലപ്പോഴും ഡോക്ടറുടെ സേവനം ലഭിക്കാറില്ല. രോഗം മൂര്‍ച്ഛിച്ച് എത്തുന്ന വരെ മറ്റ് പല ആശുപത്രികളിലേക്കും റഫര്‍ ചെയ്യുകയാണ് പതിവ്.
മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മേല്‍നോട്ടം കഞ്ഞിക്കുഴി ബ്ലോക്കില്‍ നിന്ന് ആര്യാട് ബ്ലോക്കിലേക്ക് മാറ്റിയപ്പോഴാണ് തണ്ണീര്‍മുക്കം പിഎച്ച്‌സി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തിയത്. ചുമതല ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ആശുപത്രി വികസനത്തിനോ നടത്തിപ്പിനോ ആവശ്യമായ യാതൊരു നടപടികളും ബ്ലോക്ക് പഞ്ചായത്തധികൃതര്‍ ചെയ്യുന്നില്ലെന്നാണ് പരാതി. ബിപി, ഷുഗര്‍ എന്നിവ ചെക്ക് ചെയ്യുന്നതിനായി നിരവധിയാളുകള്‍ ഇവിടെ എത്തുന്നുണ്ട്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിക്ക് ആവശ്യത്തിന് ഫണ്ട് ഉണ്ടായിട്ടും ആശുപത്രി വികസകന കാര്യത്തില്‍ അവഗണന തുടരുകയാണെന്ന് രോഗികള്‍ പറയുന്നു.
ആശുപത്രിയോട് ചേര്‍ന്നുള്ള ലാബ് ആകട്ടെ ഒരു ഇടുങ്ങിയ മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. രക്തം സാമ്പിളുകള്‍ എടുക്കുന്നതും പരിശോധിക്കുന്നതുമെല്ലാം നിന്നു തിരിയാനിടമില്ലാത്ത ഈ ഒറ്റമുറിയിലാണ്. 250 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ എച്ച്എംസി യാണ് ലാബ് ടെക്‌നീഷ്യനെ നിയമിച്ചിരിക്കുന്നത്. ലാബിലേക്കുവേണ്ട പല ഉപകരണങ്ങളും ഇവിടെ ഉണ്ടെങ്കിലും സ്ഥലപരിമിതി മൂലം പ്രവര്‍ത്തിപ്പിക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. കിടത്തി ചികിത്സയും ആവശ്യമുള്ള മരുന്നുകളും എത്രയും വേഗം ആശുപത്രിയില്‍ ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നു.
















