ജന്മനാ സംഗീതവാസനയുള്ള ഒരാള്‍ പ്രതേ്യക പഠനമൊന്നും കൂടാതെ എല്ലാ രാഗങ്ങളും പാടിയെന്നിരിക്കും. അതിനെ അനുകരിച്ചു മറ്റുള്ളവരും പഠിക്കാതെ പാടാന്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും. അതിനാല്‍ ഗുരു വേണ്ട എന്ന് അമ്മ പറയില്ല. വേണ്ടത്ര ശ്രദ്ധയുള്ള അപൂര്‍വം ചിലര്‍ക്ക് അങ്ങനെയും ആകാമെന്നേ ഉള്ളൂ.
ഏതൊന്നു കാണുമ്പോഴും വിവേകപൂര്‍വം, ശ്രദ്ധാപൂര്‍വം അവയെ വീക്ഷിക്കണം. ഒന്നിനോടും മമതയോ വിദേ്വഷമോ വച്ചുപുലര്‍ത്താന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ ഏതില്‍നിന്നും നമുക്കു പാഠങ്ങള്‍ ഉള്‍ക്കൊണ്ടു നീങ്ങുവാന്‍ കഴിയും. പക്ഷേ, നമുക്കിടയില്‍ എത്രപേര്‍ക്കു അതിനുള്ള വൈരാഗ്യവും ക്ഷമയും ഏകാഗ്രതയും ഉണ്ട്.
അതൊന്നുമില്ലാത്തവര്‍ക്കു ബാഹ്യഗുരുവിനെ ആശ്രയിക്കാതെ ലക്ഷ്യത്തിലെത്തുവാന്‍ പ്രയാസമാണ്. ഉള്ളിലെ ജ്ഞാനം ഉണര്‍ത്തുന്ന ആളാണ് യഥാര്‍ത്ഥ ഗുരു. നമ്മുടെ കണ്ണിന് അജ്ഞാനതിമിരം ബാധിച്ചതിനാല്‍ ആ ഗുരുവിനെ കാണുവാന്‍ ഇന്നു കഴിയുന്നില്ല. കണ്ണു ശസ്ത്രക്രിയ ചെയ്തു ജ്ഞാനപ്രകാശം കാണാന്‍ യോഗ്യമാക്കണം. അതിന് ഒരുവനെ സഹായിക്കുന്നതു അവനിലെ ശിഷ്യന്‍ എന്ന ഭാവമാണ്.
















