ഭക്തിരുവാച
കഥം പരീക്ഷിതാ രാജ്ഞാ സ്ഥാപിതോ ഹ്യശുചിഃ കലിഃ
പ്രവൃത്തേ തു കലൗ സര്‍വ്വസാരഃ കുത്ര ഗതോ മഹാന്‍
കരുണാപരേണ ഹരിണാപ്യധര്‍മ്മഃ കഥമീക്ഷ്യതേ
ഇമം മേ സംശയം ഛിന്ധി ത്വദ്വാചാ സുഖിതാസ്മ്യഹം
ഭക്തി ചോദിച്ചു: എങ്ങിനെയാണ് പരീക്ഷിത്തു രാജാവ് കലിയ്‌ക്ക് ഇരിപ്പിടം നല്‍കിയത് ? കലിയുഗം വന്നപ്പോള്‍ മഹത്തായ സാരങ്ങളെല്ലാം എവിടെപ്പോയി മറഞ്ഞു? കാരുണ്യവാരിധിയായ സാക്ഷാല്‍ വിഷ്ണു ഭഗവാന്‍ ഈ അധര്‍മ്മങ്ങള്‍ എപ്രകാരം കണ്ടിരിക്കുന്നു? എന്റെ സംശയം തീര്‍ത്തു തന്നാലും.അങ്ങയുടെ വാക്കുകള്‍ എനിക്ക് മനഃശാന്തി നല്‍കുന്നു.
നാരദ ഉവാച
യദിപൃഷ്ടസ്ത്വയാ ബാലേ പ്രേമതഃ ശ്രവണം കുരു
സര്‍വ്വം വക്ഷ്യാമി തേ ഭദ്രേ കശ്മലം തേ ഗമിഷ്യതി
യദാ മുകുന്ദോ ഭഗവാന്‍ ക്ഷ്മാം ത്യക്ത്വാ സ്വപദംഗതഃ
തദ്ദിനാത് കലിരായാതഃ സര്‍വ്വസാധനബാധകഃ
ദൃഷ്‌ടോദ്വിഗ്വിജയേരാജ്ഞാ ദീനവച്ഛരണം ഗതഃ
ന മയാ മാരണീയോളയം സാരംഗ ഇവ സാരഭുക്
യത് ഫലം നാസ്തി തപസാ ന യോഗേന സമാധിനാ
തത് ഫലം ലഭതേ സമ്യക്കലൗ കേശവ കീര്‍ത്തനാത്
ഏകാകാരം കലിം ദൃഷ്ട്വാ സാരവത് സാര നീരസം
വിഷ്ണുരാതഃ സ്ഥാപിതവാന്‍ കലിജാനാം സുഖായ ച
കുകര്‍മ്മാചരണാത് സാരഃ സര്‍വ്വതോ നിര്‍ഗ്ഗതോളധുനാ
പദാര്‍ത്ഥാഃ സംസ്ഥിതാ ഭൂമൗ ബീജഹീനാസ്തുഷാ യഥാ
വിപ്രൈര്‍ ഭാഗവതീ വാര്‍ത്താ ഗേഹേ ഗേഹേ ജനേ ജനേ
കാരിതാ കണലോഭേന കഥാസാരസ്തതോ ഗതഃ
അത്യുഗ്രഭൂരികര്‍മ്മാണോ നാസ്തികാ രൗരവാ ജനാഃ
തേളപി തിഷ്ഠന്തി തീര്‍ത്ഥേഷു തീര്‍ത്ഥസാരസ്തതോഗതഃ
കാമക്രോധമഹാലോഭതൃഷ്ണാ വ്യാകുലചേതസഃ
തേളപി തിഷ്ഠന്തി തപസി തപഃസാരസ്തതോ ഗതഃ
മനസശ്ചാജയാല്ലോഭാദ് ദംഭാത് പാഖണ്ഡസംശ്രയാത്
ശാസ്ത്രാനഭ്യസനാച്ചൈവ ധ്യാനയോഗഫലം ഗതം
പണ്ഡിതാസ്തു കളത്രേണ രമന്തേ മഹിഷാ ഇവ
പുത്രസ്യോത്പാദനേ ദക്ഷാ അദക്ഷാ മുക്തിസാധനേ
ന ഹി വൈഷ്ണവതാ കുത്ര സമ്പ്രദായ പുരഃസരാ
ഏവം പ്രളയതാം പ്രാപ്‌തോ വസ്തുസാരഃ സ്ഥലേ സ്ഥലേ
അയം തു യുഗധര്‍മ്മോ ഹി വര്‍ത്തതേ കസ്യ ദൂഷണം
അതസ്തു പുണ്ഡരീകാക്ഷഃ സഹതേ നികടേ സ്ഥിതഃ
നാരദമുനി പറഞ്ഞു : ഹേ ബാലേ, ഭവതി ചോദിച്ചതുമൂലം ഞാന്‍ എല്ലാം സ്‌നേഹപൂര്‍വ്വം പറഞ്ഞുതരാം. ഇതു കേട്ടാല്‍ ഭവതിയുടെ ശോകം നീങ്ങും. ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്നു ഭൂലോകം വെടിഞ്ഞ് വൈകുണ്ഠത്തിലേക്കു തിരിച്ചെഴുന്നള്ളിയോ അതേ ദിവസം തന്നെ സര്‍വ്വതിനേയും നശിപ്പിക്കുന്ന കലിയുഗം ആരംഭിച്ചു. ദിഗ്‌വിജയ യാത്രയ്‌ക്കിടയില്‍ പരീക്ഷിത്തുരാജാവ് കണ്ടുപിടിച്ചപ്പോള്‍ ആര്‍ത്തനായ കലി രാജാവിനെ ആശ്രയം പ്രാപിച്ചു. അപ്പോള്‍ ധര്‍മ്മനിഷ്ഠനായ ആ രാജാവ് ചിന്തിച്ചു. ഇവനെ ഞാന്‍ കൊന്നുകൂടാ.സാരം ഭുജിക്കുന്ന സാരംഗ (വേഴാമ്പല്‍) തുല്യനാണിവന്‍. തപസ്സുകൊണ്ടോ യോഗം കൊണ്ടോ സമാധികൊണ്ടോ ലഭിക്കാത്ത സദ്ഫലങ്ങള്‍ ഈ കലികാലത്ത് വിഷ്ണുസങ്കീര്‍ത്തനം കൊണ്ടു കൈവരുന്നതാണ്. അതിനാല്‍ സാരത്തിലും വെച്ചു സാരമാകുന്ന ഫലം നല്‍കുന്നവനാകയാല്‍ കലികാലത്തു ജനിക്കുന്നവരുടെ സുഖത്തിനുവേണ്ടിയാണു വിഷ്ണുരാതനായ ആ രാജാവ് കലിയെ ഭൂലോകത്തു നിലനിര്‍ത്തിയത്. സാരമെല്ലാം നശിച്ചുപോയതിനു കാരണം കുത്സിതകര്‍മ്മാചരണങ്ങളാണ്. ഭൂമിയിലെ സാരവത്തായ പദാര്‍ത്ഥങ്ങള്‍ വിത്തൊഴിഞ്ഞു ശേഷിക്കുന്ന ഉമിയ്‌ക്കു തുല്യമായിരിക്കുന്നു. ബ്രാഹ്മണ•ാര്‍ വീടുകള്‍തോറും ആളുകള്‍തോറും ഭഗവല്‍കഥ ചൊല്ലി നടക്കുന്നതു കേവലം ധനസമ്പാദനത്തിനു മാത്രമാകയാല്‍ കഥാസാരം നഷ്ടമായിരിക്കുന്നു. അത്യന്തം ക്രൂരത നിറഞ്ഞ കര്‍മ്മങ്ങള്‍ അനേകം ചെയ്യുന്ന നാസ്തിക•ാരും, ദുഷ്ട•ാരും, അഹങ്കാരികളുമെല്ലാം തീര്‍ത്ഥസ്ഥാനങ്ങളിലും നിവസിക്കുന്നതിനാല്‍ തീര്‍ത്ഥസാരവും നഷ്ടമായി. കാമം, ക്രോധം, ലോഭം, തൃഷ്ണ തുടങ്ങിയവനിറഞ്ഞു വ്യാകുലമായ ചിത്തത്തോടുകൂടിയവരും തപസ്സുചെയ്തു തുടങ്ങിയതിനാല്‍ തപസ്സാരവും നഷ്ടമായിരിക്കുന്നു. മനസ്സിനെ നിയന്ത്രിക്കാത്തതിനാലും, ലോഭം, ദംഭം, പാഷണ്ഡ•ാരുമായുള്ള സംസര്‍ഗ്ഗം, ശാസ്ത്രാഭ്യസനമില്ലായ്‌ക എന്നിവ കാരണം ധ്യാനയോഗഫലവും നശിച്ചിരിക്കുന്നു. പണ്ഡിതരായവര്‍പോലും പോത്തുകളെപ്പോലെ ഭാര്യമാരുമായി രമിക്കുന്നു. അവരുടെ വൈഭവം പുത്രോല്പാദനത്തില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. മുക്തിസാധനത്തിനുളള മിടുക്ക് അവര്‍ക്ക് അശേഷമില്ല. സമ്പ്രദായമനുസരിച്ചു ജീവിക്കുന്ന വൈഷ്ണവരും ഒരിടത്തുമില്ലാതെയായി. ഇപ്രകാരം എല്ലായിടത്തും വസ്തുസാരം അശേഷമില്ലാതെ നശിച്ചുപോയിരിക്കുന്നു. ഇത് കലിയുഗത്തിന്റെ ധര്‍മ്മമാണ്. ഇതില്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. അതിനാല്‍ പുണ്ഡരീകാക്ഷനായ ഭഗവാനെ സ്മരിക്കുക. എങ്കില്‍ ഭവതിക്കു സൗഖ്യമുണ്ടാകുന്നതാണ്.
(കലിയുടെ സ്വച്ഛന്ദവിഹാരം പരീക്ഷിത്തു മഹാരാജാവ് തടയുകയുണ്ടായി എന്ന് ഭാഗവതം പ്രഥമസ്‌കന്ധം 17-ാം അദ്ധ്യായത്തില്‍ പറയുന്നു. പരീക്ഷിത്തിനാല്‍ പരാജിതനായ കലി തനിക്കു വസിക്കുവാന്‍ ഏതെങ്കിലും സ്ഥലം തരണമെന്ന് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് മഹാരാജാവ് കലിക്ക് വസിക്കാനായി അഞ്ചു സ്ഥാനങ്ങള്‍ കല്പിച്ചുകൊടുത്തു. ചൂതുകളി, മദ്യപാനം, സ്ത്രീ, വധം, സ്വര്‍ണ്ണം എന്നിവയാണ് കലിയ്‌ക്കു സ്വച്ഛന്ദമായി വിഹരിക്കുവാന്‍ പരീക്ഷിത്തു രാജാവ് അനുവദിച്ചുനല്‍കിയത്. കലികാലത്തെ സമസ്ത കുഴപ്പങ്ങള്‍ക്കും പിന്നില്‍ ഇവയഞ്ചും ഏതെങ്കിലും വിധത്തില്‍ ഉള്‍പ്പെട്ടിരിക്കുമെന്ന് തീര്‍ച്ചയാണ്.)
സൂത ഉവാച
ഇതി തദ്വചനം ശ്രുത്വാ വിസ്മയം പരമം ഗതാ
ഭക്തിരൂചേ വചോ ഭൂയഃ ശ്രൂയതാം തച്ച ശൗനക
സൂതന്‍ പറഞ്ഞു : ഇതുകേട്ട് അത്ഭുതപ്പെട്ട് ഭക്തി വീണ്ടും ചോദിച്ചു. ഹേ ശൗനകാ, അതും കേട്ടുകൊള്‍ക
ഭക്തിരുവാച
സുരര്‍ഷേ ത്വം ഹി ധന്യോളസി മദ്ഭാഗ്യേന സമാഗതഃ
സാധൂനാം ദര്‍ശനം ലോകേ സര്‍വ്വസിദ്ധികരം പരം
ജയതി ജഗതി മായാം യസ്യ കായാധവസ്‌തേ
വചനരചനമേകം കേവലം ചാകലയ്യ
ധ്രുവപദമപി യാതോ യത്കൃപാതോ ധ്രുവോളയം
സകലകുശലപാത്രം ബ്രഹ്മപുത്രം നതാസ്മി
ഭക്തി പറഞ്ഞു : അല്ലയോ ദേവര്‍ഷേ, ധന്യനായ അങ്ങയെ കണ്ടെത്താന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം തന്നെ. ലോകത്ത് സര്‍വ്വസിദ്ധികളേയും നല്‍കുന്നതാണ് സജ്ജന ദര്‍ശനം. എനിക്ക് ആനന്ദം ലഭിക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞു തന്നാലും. ഈ ലോകത്തില്‍ പ്രഹ്ലാദ ചക്രവര്‍ത്തി മായാമുക്തനായി വാഴുന്നത് ആരുടെ ഉപദേശമൊന്നുകൊണ്ടാണോ, ധ്രുവകുമാരന്‍ അനശ്വരമായ ധ്രുവപദം പ്രാപിച്ചത് ആരുടെ ദയകൊണ്ടാണോ, സകലര്‍ക്കും കുശലം (മംഗളം) നല്‍കുന്ന അമൂല്യപാത്രമായി ബ്രഹ്മപുത്രനായി സ്ഥിതിചെയ്യുന്ന ഭവാനെ ഞാനിതാ നമസ്‌കരിക്കുന്നു.
ഒന്നാമദ്ധ്യായം കഴിഞ്ഞു.
…തുടരും
















