സത്തുക്കളാകുവാനുള്ള സന്ദര്‍ഭം സല്‍ഗുരുരൂപത്തില്‍ അവതാരമായി വന്നു ജീവിക്കുമ്പോള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. സത്തുക്കള്‍ എന്നാല്‍ സാരം ഗ്രഹിക്കുന്നവരുടെ സംസാരബന്ധങ്ങള്‍ ഒഴിയുന്നു. സാരം എന്നുപറയുന്നത് സംസാരദുഃഖത്തിനപ്പുറം കഴിയാനുള്ള കഴിവാണ്. കടലിന്റെ ഉള്ളുപോലെ ശാന്തമാകണം മനുഷ്യന്റെ മനസ്സ്. മനുഷ്യന്റെ വാക്കിലും പ്രവൃത്തിയിലും ചലനമുണ്ടെങ്കിലും അതിനപ്പുറം ചലനമില്ലാത്ത ഒന്നുണ്ട്. അവനവനിലുള്ള ആ ചലനമില്ലാത്തതിനെ മനസ്സിലാക്കാതെയാണു ജീവിക്കുന്നത്. നമ്മിലുള്ള സത്ത് വെണ്ണയും നെയ്യും പാലില്‍ അടങ്ങിയിരിക്കുന്നതുപോലെയാണ്. ഒരുനോട്ടത്തില്‍ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരും അറിയുന്നില്ല. മനുഷ്യനിലുള്ള അന്തഃസത്തയും അതുപോലെയാണ്. സാക്ഷാത്തായ ചലനമില്ലാത്ത ആനന്ദം ആരില്‍ വര്‍ദ്ധിക്കുന്നോ അവരാണു സത്തുക്കള്‍. ആ സത്തായ നിഷ്‌കളങ്കാവസ്ഥയില്‍ ചിത്തമെത്തുമ്പോള്‍ ;ആ ചിത്തംകൊണ്ടു സല്‍ക്കര്‍മ്മം ചെയ്യാന്‍ കഴിയുന്നു.
















