ആഡംബര സമൃദ്ധി സുഖാസ്വാദനം ഇവ ഉള്ളപ്പോള്‍ ഈശ്വര വിസ്മൃതി വന്നേക്കാം. സ്വാര്‍ത്ഥാഭിലാഷത്തിന്റെ മുന്നേറ്റത്തില്‍ നീതിയും നിഷ്പക്ഷതയും പിന്മാറും. ക്രോധം പ്രത്യക്ഷപ്പെടുമ്പോള്‍ വിവേകം മറഞ്ഞുപോകുന്നു. സാധകന്മാര്‍ സരളജീവിതം നയിക്കണം. വിഷായാസക്തികളില്‍ നിന്ന് മനസ്സിനെ പിന്‍വലിച്ച് ഈശ്വരനില്‍ ഉറപ്പിക്കണം. എപ്പോഴും ജാഗരൂകരായി വര്‍ത്തിക്കണം. നിങ്ങളുടെ വിവേചനശക്തി സുഷ്മതയുള്ളതാകണം. ശ്രദ്ധയേയും ഇച്ഛാശക്തിയെയും ശക്തിപ്പെടുത്തുന്നതിന് അഭ്യാസവും വൈരാഗ്യവും നിങ്ങള്‍ക്കുണ്ടായിരിക്കണം.
ഭോഗത്തിലൂടെ ശാന്തി കൈവരികയില്ല. ത്യാഗത്തിലൂടെ മാത്രമേ അത് സിദ്ധിക്കുകയുള്ളൂ എന്ന തത്വം എപ്പോഴും ഓര്‍മ്മയില്‍ വേണം മക്കളേ. പരിപൂര്‍ണ ഈശ്വരനില്‍ കൂടിയല്ലാതെ വിഷയാസക്തിയില്‍ കൂടെ സാദ്ധ്യമല്ല. പ്രാപഞ്ചിക സുഖഭോഗങ്ങളില്‍ മുഴുകുന്നതുമൂലം നിങ്ങളുടെ ഓജസ്സ് ഛിന്നഭിന്നമായി നശിക്കുന്നു. മനസ്സ് ഈശ്വരോന്മുഖമാകുമ്പോള്‍ ആദ്ധ്യാത്മികശക്തിയും ഈശ്വരീയാനന്ദവും മോക്ഷാനുഭൂതിയും നിങ്ങള്‍ക്ക് കൈവരും.
ദുഷ്ടമൃഗങ്ങളെക്കൊണ്ട് നിറഞ്ഞ ഒരു വനാന്തരത്തില്‍കൂടിയാണ് നിങ്ങള്‍ക്ക് സഞ്ചരിക്കേണ്ടതായിരിക്കുന്നത്. ആ വനം അന്ധകാരാവൃതവുമാണ്. ഈ പരിതസ്ഥിതിയേയും നിങ്ങളുടെ കര്‍ത്തവ്യത്തെയും പറ്റി ഒന്നു സങ്കല്‍പിച്ച് നോക്കുക. നിങ്ങളുടെ മാര്‍ഗ്ഗത്തെ കണ്ടറിഞ്ഞ് എങ്ങിനെ മുന്നോട്ടു നീങ്ങാന്‍ കഴിയും? മനസ്സാണു വനം. ആസുരികശക്തികളാണ് മൃഗങ്ങള്‍. അവിദ്യയാണ് അന്ധകാരം.
ശ്രദ്ധയും വിവേകവുമാകുന്ന ദീപത്തെ മുന്നില്‍ പിടിച്ചുകൊണ്ട് സസൂക്ഷ്മം സഞ്ചരിക്കുക. നിദ്ര, അലസത, അനവധാനത ഇവ വന്നുചേരാന്‍ അനുദിക്കരുത്. നിങ്ങള്‍ നിദ്രാധീനരായിപ്പോയാല്‍ വികാരങ്ങളാകുന്ന ദുഷ്ടമൃഗങ്ങള്‍ ആത്മീയ ശക്തിയെ നശിപ്പിക്കും.
ഈശ്വരാനുഭൂതി സിദ്ധിച്ച് അഹന്ത നഷ്ടമായതിനുശേഷം മാത്രമേ ഒരാള്‍ അപകടമേഖല തരണം ചെയ്യുന്നുള്ളൂ. വിനയം, അനുസരണം, ധര്‍മ്മാചരണം ഇവിയിലൂടെ ഗുരുവിന്റെ അനുഗ്രഹത്തെ അവാഹിക്കുക. സാധനയില്‍ നിഷ്ടപാലിക്കുക, മനസ്സിനെ നിശ്ചലമാക്കുക. ഈശ്വരനൊഴികെ മറ്റുള്ളതെല്ലാം നശ്വരമാണെന്നുള്ള ബോധത്തിനു ദൃഢത വരുത്തുക, വൈരാഗ്യംകൊണ്ടാണ് മനസ്സിനെ നിശ്ചലമാക്കേണ്ടത്. ബുദ്ധിപരമായ വ്യാപാരം കൊണ്ടല്ല.
ശ്രീ രമാദേവി
















