കൊച്ചി: തിങ്കളാഴ്ച നല്ല ദിവസമാണെന്നൊക്കെ പറയാന്‍ കൊള്ളാം; സിനിമക്ക് ആ പേരും കൊള്ളാം. പക്ഷേ, വിജയക്കാര്യത്തില്‍ ശുഭപ്രതീക്ഷയാണെങ്കിലും യാത്രക്കാര്യത്തില്‍ ശുഭമായിരിക്കുമെന്ന ശുഭ വിശ്വാസമൊന്നും അവര്‍ക്കില്ല. കാരണം സംസ്ഥാനത്തുനിന്നുള്ള ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ പങ്കാളികള്‍ക്ക് അങ്ങനെയാണ് അനുഭവം. എന്നാലും അവര്‍ പ്രതീക്ഷിക്കുകയാണ്, മാറിയ സാഹചര്യങ്ങളില്‍ ശുഭയാത്രയോ ദുരിതയാത്രയോ; സംഗതി തിങ്കളാഴ്ചയറിയാം.
ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ പതിനെട്ടാം കിരീടം ലക്ഷ്യമിട്ട് റാഞ്ചിയിലേക്ക് പുറപ്പെടുകയാണ് കായിക കേരളത്തിന്റെ കൗമാരതാരങ്ങള്‍. ഇത്തവണ മുന്‍വര്‍ഷത്തെപ്പോലെ ദുരിതയാത്രയാകില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അധികൃതര്‍. യാത്രക്കായി ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സില്‍ സ്‌പെഷ്യല്‍ സ്ലീപ്പര്‍ കോച്ച് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കായികമന്ത്രി എന്നിവരോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് അപേക്ഷിച്ചിട്ടുണ്ട്. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയറിയാം ഫലം. 15, 16 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് കായികതാരങ്ങള്‍ റാഞ്ചിക്ക് പോകുന്നത്.
കഴിഞ്ഞ വര്‍ഷം മുഴുവന്‍താരങ്ങള്‍ക്കും റിസര്‍വേഷന്‍ ലഭിക്കാത്തതിനാല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു കായികതാരങ്ങള്‍ യാത്ര ചെയ്തത്. പിന്നീട് ജനപ്രതിനിധികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഒരു സ്‌പെഷ്യല്‍ കോച്ച് അനുവദിച്ചെങ്കിലും അതില്‍ യാത്ര ചെയ്യാതെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തന്നെ യാത്ര തുടരുകയായിരുന്നു. സ്‌പെഷ്യല്‍ കോച്ച് ജനറല്‍ കമ്പാര്‍ട്ട്‌മെന്റായി മാറ്റുകയും ചെയ്തു. ഇത്രയെല്ലാം അവഗണനയനുഭവിച്ചിട്ടും തുടര്‍ച്ചയായ 17-ാം കിരീടവും ചൂടിയാണ് ടീം മടങ്ങിയത്.
കായിക താരങ്ങളും ഒഫീഷ്യല്‍സും ഉള്‍പ്പടെ എല്ലാവര്‍ക്കുമുള്ള ടിക്കറ്റുകള്‍ ഒരു മാസം മുന്‍പുതന്നെ റിസര്‍വ് ചെയ്തിട്ടുണ്ടെങ്കിലും വെയ്റ്റിംഗ് ലിസ്റ്റിലാണ്. എന്നാല്‍ അധികൃതര്‍ ഇടപെട്ടാല്‍ ശുഭയാത്രയുറപ്പാണ്. കഴിഞ്ഞ വര്‍ഷത്തെ സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ കായിക താരങ്ങള്‍ക്ക് മികച്ച യാത്ര സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു.
ഈ മാസം 19 മുതല്‍ 23 വരെ റാഞ്ചിയിലെ ബിര്‍സമുണ്ട സ്‌റ്റേഡിയത്തിലാണ് 60-ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് നടക്കുന്നത്. ഡിസംബര്‍ 19ന് ആരംഭിക്കേണ്ടിയിരുന്ന മീറ്റ് ഝാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.
കേരള ടീം പതിവുപോലെ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫിന്റെ നേതൃത്വത്തില്‍ തന്നെയാണ് റാഞ്ചിയിലേക്ക് യാത്ര തിരിക്കുക. പരിശീലകരായി പി.ജി. മനോജ്, എന്‍.എസ്. സിജിന്‍, രാജു പോള്‍ തുടങ്ങിയവരും സംഘത്തിലുണ്ടാവും.
















