തിരുവനന്തപുരം: ദേശീയ ഗെയിംസിന് കേരളം തയ്യാറാണെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സ്റ്റേഡിയങ്ങളില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാകും. വരുന്ന 15, 16 തീയതികളില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഭാരവാഹികള്‍ സ്റ്റേഡിയങ്ങള്‍ പരിശോധിക്കാനെത്തുന്നുണ്ട്. അതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
റണ്‍ കേരളാ റണ്‍ ദേശീയ ഗെയിംസിന്റെ ഭാഗമല്ല. എന്നാല്‍, അതൊരു പൊതുവികാരമാണ്. ഗെയിംസിന്റെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ എല്ലാതരം ആളുകളും പങ്കെടുക്കുന്നുണ്ട്. ചുരുങ്ങിയ കാലയളവിലാണ് സര്‍ക്കാര്‍ ദേശീയ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. ഇതില്‍ പോരായ്മകളുണ്ട്. എന്നാല്‍, വലിയൊരു പദ്ധതി നടപ്പാക്കുമ്പോള്‍ ചെറിയ പോരായ്മകള്‍ ഉണ്ടാകും. ഇത് പെരുപ്പിച്ച് കാണിക്കാതിരിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. 2010 നടത്താനിരുന്ന ഗെയിംസാണ് 2015ല്‍ നടക്കുന്നത്. അന്ന് മാറ്റിവെയ്ക്കപ്പെട്ടപ്പോള് വളരെ കുറച്ചു സ്റ്റേഡിയങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ മിക്ക സ്റ്റേഡിയങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടു. ബാക്കിയുള്ളവ വരുന്ന ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനു കാലതാമസം വരുന്നുണ്ടെന്ന പരാതി ഒഴിവാക്കിയിട്ടുണ്ട്. ബോക്സിങിനുള്ള കിറ്റും മറ്റുപകരണങ്ങളും എത്തിയിട്ടുണ്ട്. ജിംനാസ്റ്റിക്സിനുള്ള സംവിധാനങ്ങള്‍ 24ന് എത്തും. ചെലവുകള്‍ സോഷ്യല്‍ ഓഡിറ്റിങിനു വിധേയമാക്കും. കൂടാതെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ് നടത്തുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റില്‍ 2007 മുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. അതിനു ശേഷം മന്ത്രിസഭ മാറി. പുതിയ സംവിധാനത്തില്‍ പുതിയ മന്ത്രിയും പുതിയ സ്റ്റാഫുകളുമുണ്ട്. അവര്‍ക്കൊപ്പം പഴയ സ്റ്റാഫുകളുമുണ്ട്. ഗണേഷ്കുമാറിന്റെ ആരോപണത്തില്‍ കഴമ്പില്ല. താന്‍ സ്വജനപക്ഷപാതപരമായി ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. എന്നാല്‍, സമാപനസമ്മേളനത്തില്‍ രാഷ്ട്രപതി ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കില്ല.
















