തിരുവനന്തപുരം: ദേശീയ ഗെയിംസിലെ സ്ക്വാഷ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന പാളയത്തെ സ്ക്വാഷ് സെന്ററിന് തിരശ്ശീല ഉയര്‍ന്നു. ഗെയിംസിന്റെ പശ്ചാത്തലത്തില്‍ തയ്യാറായ സ്ക്വാഷ് സെന്റര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കായി ഉയരുന്ന കേരളത്തിലെ ആദ്യത്തെ സ്ക്വാഷ് കോര്‍ട്ട് എന്ന ഖ്യാതിയുമായാണ് തിരുവനന്തപുരം സ്ക്വാഷ് സെന്റര്‍ ഗെയിംസിനൊരുങ്ങുന്നത്.
5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്ക്വാഷ് സെന്ററില്‍ 3 സിംഗിള്‍സ് കോര്‍ട്ടും ഒരു ഡബിള്‍സ് കോര്ട്ടുമാണുള്ളത്. 30,000 ചതുരശ്ര അടിയില്‍ ഇരിക്കുന്ന ഈ കോര്‍ട്ടില്‍ 500 പേര്‍ക്ക് ഒരേസമയം കളികാണാന്‍ കഴിയും.
കായിക കേരളത്തിന് തന്നെ വലിയ പ്രതീക്ഷയായ നാഷണല്‍ ഗെയിംസിന്റെ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഗെയിംസിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ‘റണ്‍ കേരള റണ്ണില്‍’ ഒരു കോടിയില്‍പ്പരം പേര് പങ്കെടുക്കുമെന്നും ഇതുവഴി പൂര്‍ണ്ണമായ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ കഴിയുമെന്നും ചടങ്ങില്‍ സംബന്ധിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, കായിക യുവജനക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. നജീമുദ്ദീന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















