മുംബൈ: ലോകകപ്പ് കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെയാണ് എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേലാണ് പ്രഖ്യാപിച്ചത്.
30 അംഗ സാധ്യതാ ലിസ്റ്റില്‍ ഉണ്ടായിരുന്ന മലയാളി താരം സഞ്ജു വി. സാംസണ്‍ 15 അംഗ പട്ടികയില്‍ ഇടംപിടിച്ചില്ല.
സാധ്യത ലിസ്റ്റില്‍ ഇല്ലാതിരുന്ന യുവരാജിനെയും ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം പരിക്കില്‍ നിന്ന് മുക്തനാവാത്ത രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടീം ഫിസിയോ ജഡേജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ജഡേജയെ തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ജഡേജയ്‌ക്ക് ഫിറ്റ്‌നസ് തെളിയിക്കാന്‍ പത്ത് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. രവീന്ദ്ര ജഡേജക്ക് പകരം യുവരാജ് ടീമിലെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പരിക്കിന്റെ പിടിയിലായ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്റ്റുവര്‍ട്ട് ബിന്നിയും അക്ഷര്‍ പട്ടേലും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
അഞ്ച് ബാറ്റ്‌സ്മാന്മാരും രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരും മൂന്ന് ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്പിന്നേഴ്‌സും നാല് ഫാസ്റ്റ് ബൗളേഴ്‌സും ഒരു മീഡിയം പേസറുമടങ്ങുന്നതാണ് ടീം ഇന്ത്യ.
ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പേസ് പടയില്‍ പക്ഷേ വരുണ്‍ ആരോണിനും മോഹിത് ശര്‍മ്മക്കും ധവാല്‍ കുല്‍ക്കര്‍ണിക്കും ഇടം ലഭിച്ചില്ല. എന്നാല്‍ മോഹിത് ശര്‍മ്മയെയും ധവാല്‍ കുല്‍ക്കര്‍ണിയെയും ഇന്ത്യ-ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ത്രിരാഷ്‌ട്ര ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെയാണ് ലോകകപ്പ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ന്യൂസിലാന്റിലുമായി അരങ്ങേറുന്നത്. 14ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ന്യൂസിലാന്റ് ശ്രീലങ്കയെയും മെല്‍ബണില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെയും നേരിടും.
15ന് പാക്കിസ്ഥാനെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം. അഡ്‌ലെയ്ഡിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക.
ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, സ്റ്റുവര്‍ട്ട് ബിന്നി.
















