വെല്ലിംഗ്ടണ്‍: ശ്രീലങ്കയും ന്യൂസിലാന്റും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ഒരു ദിവസവും ഒമ്പത് വിക്കറ്റും കയ്യിലിരിക്കെ ശ്രീലങ്കക്ക് വിജയിക്കാന്‍ 345 റണ്‍സ് കൂടി േവണം. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശ്രീലങ്കക്ക് പരമ്പര സമനിലയിലാക്കാന്‍ ഇന്ന് ജയിച്ചേ മതിയാവൂ. 20 റണ്‍സുമായി കുശല്‍ പെരേരയും ഒരു റണ്‍സുമായി ദമിങ്ക പ്രസാദുമാണ് ക്രീസില്‍.
നേരത്തെ ന്യൂസിലാന്റ് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ വില്ല്യംസണും (242 നോട്ടൗട്ട്) വാറ്റ്ലിംഗും (142 നോട്ടൗട്ട്) ചേര്‍ന്ന് നേടിയ റെക്കോര്‍ഡ് കൂട്ടുകെട്ടിന്റെ കരുത്തിലാണ് കിവീസ് രണ്ടാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. അഞ്ചിന് 159 എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ പുറത്താകാതെ നേടിയ 365 റണ്‍സിന്റെ ലോക റെക്കോര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
2014-ല്‍ ഇതേ ഗ്രൗണ്ടില്‍ ന്യൂസിലാന്റിന്റെ തന്നെ ബ്രണ്ടന്‍ മക്കല്ലവും വാറ്റ്ലിംഗും ചേര്‍ന്ന് ഇന്ത്യക്കെതിരെ നേടിയ 352 റണ്‍സിന്റെ കൂട്ടുകെട്ടാണ് വില്ല്യംസണും വാറ്റ്ലിംഗും ചേര്‍ന്ന് തിരുത്തിക്കുറിച്ചത്. 438 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളുടെ അകമ്പടിയോടെ വില്ല്യംസണ് 242 റണ്‍സെടുത്തപ്പോള്‍ 333 പന്തുകളില്‍ നിന്ന് 9 ഫോറും ഒരു സിക്സറുമടങ്ങിയതായിരുന്നു വാറ്റ്ലിംഗിന്റെ 142 റണ്‍സ്. ലീഡ് 389 റണ്‍സായപ്പോള്‍ ന്യൂസിലാന്റ് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ലങ്കക്ക് വേണ്ടി നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
തുടര്‍ന്ന് 390 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്കക്ക് സ്കോര്‍ 42-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 17 റണ്‍സെടുത്ത കരുണരത്നെയെ ക്രെയ്ഗിന്റെ പന്തില്‍ റുഥര്‍ഫോര്‍ഡ് പിടികൂടി.
















