കോഴിക്കോട്: മലബാറിന്റെ ആദ്യ സിന്തറ്റിക് ട്രാക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം ഇനി മുതല്‍ ഒളിമ്പ്യന്‍ അബ്ദുറഹിമാന് സ്റ്റേഡിയം എന്ന പേരില്‍ അറിയപ്പെടും. 35-ാമത് നാഷനല്‍ ഗെയിംസിന് മുന്നോടിയായി പൂര്‍ത്തീകരിച്ച സ്റ്റേഡിയത്തില്‍ മൂന്ന് നിലകളിലായി 1400 പേര്‍ക്കിരിക്കാവുന്ന ഗാലറി ഒരുക്കിയിട്ടുണ്ട്. 30,000 ചതുരശ്ര മീറ്റര്‍ കെട്ടിടസമുച്ചയമാണ് സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
നവീകരണം പൂര്‍ത്തീകരിച്ച പവലിയനില്‍ ഗാലറി, വിഐപി ലോഞ്ച്, സ്പോര്‍ട്സ് ലോഞ്ച്, ഡോപ്ടെസ്റ്റ് റൂം, ജിംനേഷ്യം, റെസ്റ്റ് റൂമുകള്‍, മീഡിയ റൂം, ശുചിമുറികള്‍ എന്നിവയുണ്ട്. രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മ്മിച്ചതാണ് നാനൂറ് മീറ്റര്‍ സിന്തറ്റിക് ട്രാക്ക്. നാല് ലോങ്ജമ്പ് പിറ്റുകള്‍, നാല് പോള്‍വാള്‍ട്ട് പിറ്റുകള്‍, ഒരു ഹൈ ജമ്പ് പിറ്റ് എന്നിവയും ട്രാക്കില്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കാടുപിടിച്ചുകിടക്കുന്ന ഗാലറി വൃത്തിയാക്കി ഉപയോഗയോഗ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മന്ത്രി ഡോ. എം.കെ. മുനീറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം മേയര്‍ പ്രൊഫ. എ.കെ. പ്രേമജവും ഫുട്ബോള്‍ ഗ്രൗണ്ട് ഉദ്ഘാടനം എം.കെ. രാഘവന് എംപിയും നിര്‍വഹിച്ചു. എം.ഐ. ഷാനവാസ് എംപി, എ. പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ സി.എ. ലത, പി.എ. ഹംസ, എം. മോഹനന്, പത്മിനി തോമസ്, ഡോ. സി. രവീന്ദ്രന്, പ്രേംനാഥ് ഫിലിപ്പ്, കെ.പി. സേതുമാധവന്, കെ.ജെ. മത്തായി എന്നിവര്‍ സംസാരിച്ചു.
















