സിഡ്നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വെറുതെ നഗരം ചുറ്റിയടിക്കാനൊന്നും മഹേന്ദ്ര സിംഗ് ധോണിയെ കിട്ടില്ല. സിഡ്നി ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ടീം പരിശീലിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒപ്പം ധോണിയുമുണ്ടായിരുന്നു ഇന്നലെ. കളത്തില്‍ ആദ്യം കാല്തൊട്ടവരില് ഒരാളും എംഎസ്ഡി തന്നെ. സഹതാരങ്ങള്‍ക്ക് പന്തെറിഞ്ഞു കൊടുത്ത ധോണി പ്രാക്ടീസ് ആസ്വദിച്ചു.
നാലാം ടെസ്റ്റിനു മുന്‍പ് ധോണി നാട്ടിലേക്കു തിരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വൃദ്ധിമാന്‍ സാഹയുടെ പകരക്കാരനായ വിക്കറ്റ് കീപ്പറാണ് ധോണിയെന്നും അതിനാല്‍ത്തന്നെ അദ്ദേഹം സിഡ്നിയില്‍ തുടരുമെന്നും ടീം ഡയറക്ടറായ രവി ശാസ്ത്രി വ്യക്തമാക്കി. ശാസ്ത്രിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ഇന്നലത്തെ സംഭവം.
















