ന്യൂദല്‍ഹി: രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണിന് പരിഗണിച്ചില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരം സൈന നെവാള്‍ പ്രതിഷേധവുമായി രംഗത്ത്. തന്റെ അപേക്ഷ നിരസിച്ച് ഗുസ്തിതാരം സുശില്‍ കുമാറിനെ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്ത കായിക മന്ത്രാലയത്തിന്റെ നടപടിയാണ് സൈനയെ ചൊടിപ്പിച്ചത്. തനിക്കും സുശിലിനും പദ്മ അവാര്‍ഡ് നല്കിയിരുന്നെങ്കില് നന്നായേനെയെന്നും സൈന വ്യക്തമാക്കി. ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ പുരസ്കാരത്തിന് സൈനയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു.
പ്രത്യേക പരിഗണന പ്രകാരം സുശിലിന്റെ പേര് പദ്മഭൂഷണനായി അയച്ചെന്നറിഞ്ഞു. എന്നാല്‍ എന്റെ പേര് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തില്ല. പദ്മ അവാര്‍ഡുകള്‍ തമ്മില്‍ അഞ്ചുവര്‍ഷത്തെ ഇടവേളവേണമെന്ന് മാര്‍ഗനിര്‍ദേശമുണ്ട്. അതിനാല്‍ത്തന്നെ സുശിലിന്റെ പേര് പരിഗണിക്കാമെങ്കില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എന്നെ എന്തുകൊണ്ട് നാമനിര്‍ദേശം ചെയ്തുകൂടാ. ഇതൊന്നും അത്ര ശരിയാണെന്ന് തോന്നുന്നില്ല, സൈന പറഞ്ഞു.
2010നുശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും ഒളിംപിക് മെഡലും നേടി. മാത്രമല്ല ലോക റാങ്കില്‍ രണ്ടാമതെത്തുകയും നിരവധി സൂപ്പര്‍ സീരിസ് ട്രോഫികള്‍ സ്വന്തമാക്കുകയും ചെയ്തു. പുരസ്കാരത്തിന് അര്ഹയെന്നു തന്നെ സ്വയം വിലയിരുത്തുന്നു.
കഴിഞ്ഞവര്‍ഷവും പദ്മഭൂഷണിന് അപേക്ഷിച്ചിരുന്നു. ‘അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാത്തതിനാല്‍ നിങ്ങള്‍ക്ക് ഇക്കുറി അപേക്ഷിക്കാനാവില്ല സൈന’ എന്നായിരുന്നു കായിക മന്ത്രാലയത്തിന്റെ മറുപടി. ഈവര്‍ഷവും അപേക്ഷ നല്കി. എന്റെ പേര് ശുപാര്‍ശ ചെയ്യാത്തതെന്താണ്, സൈന ചോദിച്ചു.
ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. സുശിലിന്റെ പേര് ഇതിനകം അയച്ചുകഴിഞ്ഞെന്നാണ് അവരുടെ മറുപടി. അതു പുനപ്പരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു. നമുക്ക് രണ്ടു പേര്‍ക്കും പുരസ്കാരം സമ്മാനിച്ചാല്‍ അതു വളരെ നന്നായിരിക്കും. സുശില്‍ മഹാനായ കായികതാരം. പക്ഷേ, മെഡല്‍ മെഡല്‍ തന്നെ. രണ്ടുപേരും ഒളിംപിക് മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രത്യേക പരിഗണനയിലൂടെ സുശിലിന് പദ്മഭൂഷണ്‍ നല്കണമെങ്കില് 2010ല്‍ അതാകാമായിരുന്നു. ഇപ്പോഴെന്തിനാണ് അങ്ങനെ ചെയ്യുന്ന്. കായികമന്ത്രാലയത്തിന്റെ നടപടിയില്‍ കടുത്ത നിരാശയിലാണെന്നും സൈന കൂട്ടിച്ചേര്‍ത്തു.
















