ദിമുത് കരുണരത്നെയെ പുറത്താക്കിയ ട്രെന്റ് ബൗള്‍ട്ടിന്റെ ആഹ്ലാദം
വെല്ലിങ്ടണ്‍: പതിനഞ്ച് വിക്കറ്റുകള്‍ നിലംപൊത്തിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ശ്രീലങ്കയ്ക്കുമേല്‍ ന്യൂസിലാന്റിന് മുന്‍തൂക്കം. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 221 ഇടറിവീണു. ലീഡ് ലക്ഷ്യമിട്ടിറങ്ങിയ ലങ്ക കളി നിര്‍ത്തുമ്പോള്‍ 5ന് 78 എന്ന നിലയില്‍. ആതിഥേയരെക്കാള്‍ 142 റണ്‍സിന് പിന്നിലാണ് സിംഹളവീരരിപ്പോള്. വെല്ലിങ്ടണിലെ അനുകൂല സാഹചര്യം മുതലെടുത്ത പേസര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ തീതുപ്പുകയായിരുന്നു.
ടോസ് നേടിയ ലങ്ക ന്യൂസിലാന്റിനെ ബാറ്റിംഗിന് വിളിച്ചു. പേസര്‍മാരായ നുവാന്‍ പ്രദീപും സുരാംഗ ലാക്മലും അച്ചടക്കമില്ലാതെ പന്തെറിഞ്ഞപ്പോള്‍ ആദ്യ സെഷനില്‍ ലങ്കയ്ക്ക് കാര്യമായ ഗുണം ലഭിച്ചില്ല. എങ്കിലും കിവി ഓപ്പണര്‍മാരായ ടോം ലാമിനെയും (6) ഹാമിഷ് റുതര്ഫോര്ഡിനെയും (37) കൂടാരത്തിലെത്തിക്കാന്‍ അവര്‍ക്കു സാധിച്ചു. പിന്നീട് ന്യൂസിലാന്റ് പച്ചപിടിച്ചു. കെയ്ന്‍ വില്യംസണും (69) റോസ് ടെയ്ലറും (35) നങ്കൂരമിട്ടു, 2ന് 141 എന്ന തരക്കേടില്ലാത്ത നിലയിലെത്തി. പക്ഷേ, ലങ്കന്‍ ബൗളര്‍മാര്‍ പന്ത് കയറ്റിയെറിയാന് തുടങ്ങിയതോടെ കളിമാറി.
വെറും 80 റണ്‍സിനാണ് ന്യൂസിലാന്റിന്റെ എട്ടു വിക്കറ്റുകള്‍ നിലംപൊത്തിയത്. നായകന് ബ്രണ്ടന്‍ മക്കല്ലം പൂജ്യനായി. ജെയിംസ് നീഷം (15), ബിജെ വാട്ലിങ് (11) തുടങ്ങിയവരും പരാജയപ്പെട്ടു. നാലുപേരെ പുറത്താക്കിയ നുവാന്‍ പ്രദീപാണ് ലങ്കന്‍ ബൗളര്‍മാരില്‍ ഏറെ മൂര്ച്ചകാട്ടിയത്. ലാക്മലിന് മൂന്ന് ഇരകളെ ലഭിച്ചു; ധമ്മിക പ്രസാദിന് രണ്ടും. ലങ്കന്‍ ബാറ്റ്സ്മാന്മാര്ക്കും ആശാവഹമായ ആരംഭം ലഭിച്ചില്ല. ഒരിടവേളയ്ക്കുശേഷം ബ്ലാക്ക് ക്യാപ്സ് നിരയില്‍ തിരിച്ചെത്തിയ പേസര്‍ ഡഗ് ബ്രേസ്വെല് ലങ്കയെ കറക്കിക്കളഞ്ഞു.
കുശാല്‍ സില്‍വയും (5) ലാഹിരു തിരിമന്നെയും (0) പ്രസന്ന ജയവര്‍ധനെയും (6) ബ്രേസ്വെല്ലിനെ നമിച്ചു. ദിമുത് കരുണരത്നെയെ (16) ട്രെന്റ് ബൗള്‍ട്ടും എയ്ഞ്ചലോ മാത്യൂസിനെ (15) ടിം സൗത്തിയും മടക്കിയയച്ചു. പ്രതിബന്ധങ്ങളെ മറികടന്ന കുമാര്‍ സംഗക്കാര 33 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നതാണ് ലങ്കയ്ക്ക് ആശ്വാസം.
















