ചെല്‍സിയുടെ ജോണ്‍ ടെറിയെ മറികടന്ന് ഹാരി കെയ്ന്‍ (മധ്യത്തില്‍) സ്കോര്‍ ചെയ്യുന്നു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ രാജകീയ പ്രയാണങ്ങളിലൊന്നിന്റെ ദയനീയാന്ത്യം. മാച്ച് ഡേ 20യില്‍ ലീഗ് ലീഡര്‍ ചെല്‍സിയുടെ പതനത്തിന് വിശേഷണം അതുമാത്രം. ഉശിരന്‍ പന്താട്ടത്തിലൂടെ എതിരാളികളെ വിറകൊള്ളിച്ചുവന്ന ചെല്‍സിക്ക് ഇക്കുറി അടിതെറ്റി. വൈറ്റ് ഹാര്‍ട്ട് ലേനില്‍ ടോട്ടനത്തോട് മുട്ടാന്‍ ചെന്ന ഹോസെ മൗറീഞ്ഞോയുടെ കുട്ടികള്‍ തോറ്റത് മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക്.
രണ്ടു ഗോളുകള്‍ കുറിക്കുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത യുവ സ്ട്രൈക്കര്‍ ഹാരി കെയ്നാണ് നീലപ്പടയുടെ നെഞ്ചുപിളര്‍ന്നത്. 30, 52 മിനിറ്റുകളില്‍ കെയ്നിന്റെ സ്ട്രൈക്കുകള്‍. ഡാനി റോസ് (44-ാം മിനിറ്റ്), ആന്ദ്രോസ് ടൗണ്‍സെന്റ് (45+) നാസെര്‍ ചാഡ്ലി (78) എന്നിവര്‍ ടോട്ടനത്തിന്റെ സ്കോര്‍ ഷീറ്റിലെ മറ്റംഗങ്ങള്‍. ഡീഗോ കോസ്റ്റയും (18) ഈഡന് ഹസാര്‍ഡും (61) ജോണ്‍ ടെറിയും (87) ചെല്‍സിയുടെ മൂര്‍ച്ചകാട്ടി. ഇതോടെ ചെല്‍സിയും (46) മാഞ്ചസ്റ്റര്‍ സിറ്റിയും (46) പോയിന്റ് നിലയില്‍ തുല്യരായി.
കളിയുടെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ടോട്ടനത്തിന്റെ തിരിച്ചുവരവ് അത്ഭുതകരമായിരുന്നു. ഹസാര്‍ഡും ഓസ്കറും നടത്തിയ നീക്കത്തിനൊടുവില്‍ കോസ്റ്റയുടെ ഗോള്‍ ചെല്‍സിക്ക് മുന്‍തൂക്കം നല്കുമ്പോള് മത്സരത്തിന്റെ തിരക്കഥ ബ്ലൂസ് എഴുതുമെന്ന് കരുതപ്പെട്ടു (1-0). പക്ഷേ, ടോട്ടനം അതിവേഗം പ്രതികരിച്ചു. എതിര് ഗോള്‍ മുഖത്തേക്കു താഴ്ന്നിറങ്ങി പന്തുപിടിച്ച കെയ്ന്‍ ഓസ്കറിന്റെ ശ്രദ്ധതെറ്റിച്ച് ലക്ഷ്യംനേടി (1-1). അധികം വൈകാതെ ടോട്ടനം മുന്നില്‍ക്കയറി.
ചെല്‍സി പ്രതിരോധത്തെ വകഞ്ഞുമാറിയ ക്രിസ്റ്റ്യന്‍ എറിക്സണ് ചാഡ്ലിക്കു പന്തു മറിച്ചു. ഗോള്‍ വലകുലുക്കേണ്ട ദൗത്യം റോസ് നിര്വ്വഹിക്കുമ്പോള് സ്കോര്‍, 2-1. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വീണ്ടും കെയ്നിന്റെ ഇടപെടല്‍. ബോക്സിനുള്ളിലേക്ക് നുഴഞ്ഞ കെയ്നിനെ ഗ്യാരി കാഹില്‍ ഫൗള്‍ ചെയ്തു. റഫറി പെനാല്‍റ്റി സ്പോട്ടിലേക്കു വിരല്‍ ചൂണ്ടി. ടൗണ്‍സെന്റിന്റെ നിലംപറ്റെയുള്ള ഷൂട്ട് ചെല്‍സി ഗോളിയെ മറികടന്നു (3-1).
രണ്ടാം പകുതിയാരംഭിച്ച് അധികം വൈകുംമുന്പെ കെയ്ന്‍ ഡബിള്‍ തികച്ചു. എതിര് ഗോള്മുഖത്തുവച്ചു പന്തു തട്ടിയെടുത്ത നെമാന്‍ജ മാറ്റിച്ചിനെ മറികടന്ന് അനായാസം സ്കോര്‍ ചെയ്തു (4-1). പിന്നെ മധ്യഭാഗത്തു നിന്ന് സെസ്ക് ഫാബ്രെഗസിന് പന്ത് പകുത്തു നല്കിക്കയറിയ ഹസാര്‍ഡ് സ്വപ്രയ്തനത്തിന് പൂര്ണതയേകുമ്പോള് ചെല്‍സിക്ക് നേരിയ ആശ്വാസം (4-2). കെയ്നും ചാഡ്ലിയും ഒന്നു ചേര്‍ന്ന നിമിഷം ടോട്ടനം ഗോള്‍വേട്ടയുടെ പഞ്ചാമൃതം നുകര്‍ന്നു. ഇക്കുറി വെടിപൊട്ടിച്ചത് ചാഡ്ലി (5-2). ഒടുവില്‍ ക്ലോസ് റേഞ്ചിലൂടെ ടെറി ചെല്‍സിയുടെ തോല്‍വിഭാരം കുറച്ചു (5-3).
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ മറ്റു ചില വമ്പന്മാര്ക്കും മോശം ഫലങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. മുന്‍ ചാമ്പ്യന്‍ ആഴ്സണല്‍ സതാംപ്റ്റനോട് 2-0ത്തിന് സുല്ലിട്ടു. സാഡിയോ മനെ (34), ഡൂസന്‍ ടാഡിച്ച് (56)എന്നിവര്‍ സതാംപ്റ്റന്റെ ഗോള്‍വേട്ടക്കാര്‍. ആദ്യ നാലു സ്ഥാനത്തിനുവേണ്ടിയുള്ള അങ്കത്തില്‍ ഗണ്ണേഴ്സിനുമേല് (33) സതാംപ്റ്റന് (36) മൂന്നു പോയിന്റിന്റെ ലീഡ് ഉറപ്പിച്ചു. സ്റ്റീവന്‍ ജെറാഡിന്റെ (17, 40)വിവാദ പെനാല്‍റ്റി ഗോളുകളിലൂടെ വിജയം മോഹിച്ച ലിവര്‍പൂളിനെ തകര്‍പ്പന്‍ തിരിച്ചുവരവു നടത്തിയ ലെയ്സെസ്റ്റര്‍ സിറ്റി (2-2) സമനിലയ്്ക്കു പിടിച്ചു.
ഡേവിഡ് നുഗട്ട് (58), ജെഫ്രി ഷഌഫ് (60)എന്നിവര്‍ ലെയ്സെസ്റ്ററിനുവേണ്ടി ലക്ഷ്യം നേടി. ഫ്രാങ്ക് ലംപാര്‍ഡ് മൂല്യം തെളിയിച്ച കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി സണ്ടര്‍ലാന്റിനെ അതിജീവിച്ചു (3-2). 73-ാം മിനിറ്റില്‍ ലംപാര്‍ഡിന്റെ വിന്നര്‍ മാഞ്ചസ്റ്റര്‍ പ്രതിനിധികളുടെ ജയം ഉറപ്പിക്കുകയായിരുന്നു. കരാര്‍ ദീര്ഘിപ്പിച്ച ക്ലബ്ബിനോടുള്ള നന്ദിപ്രകടനം കൂടിയായി ലംപാര്‍ഡിന്റെ ഗോള്‍. യായ ടൂറെയും (57) സ്റ്റീവന്‍ ജാവോട്ടിച്ചും സിറ്റിയുടെ മറ്റു സ്കോറര്‍മാര്‍. ജാക്ക് റോഡ്വെല്ലും ആദം ജോണ്‍സനും സണ്ടര്ലാനുവേണ്ടി തിരിച്ചടിച്ചു.
















