ആ പരന്റെ സ്വരൂപമെന്ത്? അവിടുന്നു സര്‍വ്വവ്യാപിയാണ്; നിര്‍മ്മലനും നിരാകാരനും സര്‍വ്വശക്തനും പരമകാരുണ്യകനുമാണ്. അവിടുന്നാണ് ഞങ്ങളുടെ അച്ഛന്‍, അവിടുന്നാണ് ഞങ്ങളുടെ അമ്മ, ഞങ്ങളുടെ പ്രിയതോഴനും അവിടുന്നുതന്നെ. ഞങ്ങളുടെ കരുത്തിന്റെയെല്ലാം ഉറവാണവിടുന്ന്; ഞങ്ങള്‍ക്കു കരുത്തു തരണമേ. അവിടുന്നുതന്നെ ഈ വിശ്വഭാരം വഹിക്കുന്നത്; ജീവിതത്തിന്റെ ചെറുചുമടു താങ്ങാന്‍ ഞങ്ങളെ തുണയ്‌ക്കണമേ. ഇങ്ങനെയാണ് വേദര്‍ഷികള്‍ പാടിയത്. ഇനി അവിടുത്തെ ആരാധിക്കേണ്ടതെങ്ങനെ? പ്രേമംകൊണ്ടുതന്നെ. ഈ ജന്മത്തിലും വരും ജന്മത്തിലുമുള്ള എല്ലാറ്റിനേയുംകാള്‍ പ്രിയതരനായി, പ്രേഷ്ഠനായി കരുതി അവിടുത്തെ ആരാധിക്കണം.
ഇതാണ് വേദപ്രോക്തമായ ഭക്തിമാര്‍ഗം. ഇനി ഈശ്വരാവതാരമെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ശ്രീകൃഷ്ണന്‍ ഇതിനെ പൂര്‍ണമായി വളര്‍ത്തി ഉപദേശിച്ചത് എങ്ങനെയെന്നു നോക്കാം. ഒരുവന്‍ ഈ ലോകത്തില്‍ താമരയിലപോലെ ജീവിക്കണം എന്ന് അവിടുന്നുപദേശിച്ചു. താമരയില വെള്ളത്തില്‍ വളരുന്നെങ്കിലും വെള്ളംകൊണ്ടു നനയുന്നില്ലല്ലോ. അതുപോലെ വേണം മനുഷ്യന്‍ ലോകത്തില്‍ ജീവിക്കാന്‍- ഹൃദയം ഹരിയിലേക്കും കരങ്ങള്‍ കര്‍മ്മത്തിലേക്കും.
















