മാനന്തവാടി: ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ നടന്ന വേള്‍ഡ് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വയനാട്ടുകാരി എം.എസ്. അമര്‍ത്യ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. 43 കിലോ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണം, 47 കിലോ സീനീയര്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ഒരു വെള്ളി, രണ്ട് വെങ്കല മെഡലുകള്‍ എന്നിവയാണ് അമര്‍ത്യ നേടിയത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന വയനാട്ടിലെ ആദ്യ കായിക താരമാണ് അമര്‍ത്യ. കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മാനന്തവാടി ഗവ: കോളേജിലെ കായിക വകുപ്പ് മേധാവി പ്രൊഫ. എം.കെ. സെല്‍വരാജിന്റെ മകളാണ്. ഇദ്ദേഹം തന്നെയാണ് അമര്‍ത്യയുടെ കോച്ച്. ഇദ്ദേഹത്തിന്റെ കീഴില്‍ കഴിഞ്ഞ നാലു വര്‍ഷമായി മാനന്തവാടി ഗോള്‍ഡന്‍ ജിംനേഷ്യത്തില്‍ പരിശീലനം നടത്തി വരുന്നു. അമ്മ സി.ആര്‍. ഇന്ദിര ചുണ്ടേല്‍ പ്രാദേശിക കോഫി റിസര്‍ച്ച് സ്റ്റേഷനില്‍ ജൂനിയര്‍ ലൈസണ്‍ ഓഫീസറാണ്.
കോമണ്‍വെല്‍ത്ത് പവര്‍ലിഫ്റ്റിങ് സ്വര്‍ണ്ണമെഡല്‍ ജേതാവ് ഐശ്വര്യ, ഏഷ്യന്‍ പവര്‍ലിഫിറ്റിങ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അക്ഷയ എന്നിവര്‍ സഹോദരിമാരാണ്. വേള്‍ഡ് ബ്ലയ്ന്റ് സ്‌പോട്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് പീറ്റര്‍ തോണ്‍ അമര്‍ത്യയ്‌ക്ക് മെഡലുകള്‍ സമ്മാനിച്ചു.
















