മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നെന്ന ധോണിയുടെ പ്രഖ്യാപനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് മുന്‍ താരങ്ങള്‍. ചന്ദു ബോര്‍ഡെ, അജിത്ത് വഡേക്കര്‍, ദിലീപ് വെങ്സര്‍ക്കാര്‍ എന്നിവരാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചത്. ആസ്ട്രേലിയക്കെതിരായി നടക്കുന്ന ഇന്ത്യന്‍ പരമ്പരയില്‍ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെയാണ് ധോണിയുടെ ഉടനടിയുള്ള തീരുമാനം.
ധോണിയുടെ തീരുമാനം മനസ്സിലാക്കാവുന്നതാണെന്ന് ബോര്‍ഡെയും വഡേക്കറും വ്യക്തമാക്കി. കുറച്ച് കാലമായി അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ അത്ര നല്ല പ്രകടനമല്ല കാഴ്ച്ച വയ്ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിരമിക്കല്‍ പ്രഖ്യാപനം പിന്നീടാകാമായിരുന്നു. ഒരു പക്ഷെ അദ്ദേഹത്തിന്റെ ചിന്തയില്‍ ഇതായിരിക്കും ശരിയായ സമയമെന്നും ബോര്‍ഡെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ആസ്ട്രേലിയ്ക്കതിരെയുള്ള പരമ്പര കഴിയുന്നതു വരെയെങ്കിലും ധോണിക്ക് കാത്തിരിക്കാമായിരുന്നെന്ന് വഡേക്കറും ചൂണ്ടിക്കാട്ടി. തീരുമാനത്തെ അസാധാരണമെന്നാണ് വഡേക്കര്‍ വിശേഷിപ്പിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ടെസ്റ്റിലെ പ്രകടനം അത്ര കണ്ട് പോരായിരുന്നെന്നും വഡേക്കര്‍ സൂചിപ്പിച്ചു.
അതേസമയം ധോണിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വെങ്സര്‍ക്കാര്‍ പറഞ്ഞു. ‘ഞാന്‍ ചിന്തിച്ചിരുന്നത് അദ്ദേഹം ഒന്നോ രണ്ടോ വര്‍ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
















