മെല്‍ബണ്‍: ഇന്ത്യ- ആസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യത്തിനായുള്ള അങ്കം മുറുകുന്നു. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് നിറഞ്ഞാടിയ മെല്‍ബണിലെ പിച്ചിനെ മൂന്നാം ദിനം ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ രണ്ടു ന്യൂജന്‍ പ്രതിഭകളായ വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനെയും അടക്കിവാണു.
പതിനെട്ട് ബൗണ്ടറികളടക്കം 169 റണ്‍സ് വാരിയ കോഹ്‌ലിയുടെയും 21 ഫോറുകള്‍ ഉള്‍പ്പെടെ 147 റണ്‍സ് കുറിച്ച അജിന്‍ക്യ രഹാനെയും കസറിയപ്പോള്‍ മൂന്നാം ദിനം 8ന് 462 എന്ന നിലയില്‍ ഇന്ത്യ കരകയറി.
കങ്കാരുക്കളുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് വെറും 68 റണ്‍സ് പിന്നിലാണിപ്പോള്‍ ധോണിപ്പട. നിര്‍ണായക സമയത്തു പിഴവുകള്‍ തീര്‍ത്ത ഓസീസ് ഫീല്‍ഡര്‍മാരും ഇന്ത്യയെ ആവോളം പ്രോത്സാഹിപ്പിച്ചു. കോഹ്‌ലിയുടെയും രഹാനയുടേതുമടക്കം അഞ്ചു ക്യാച്ചുകളാണ് ആസ്‌ട്രേലിയ കളഞ്ഞുകുളിച്ചത്.
ചേതേശ്വര്‍ പൂജാരയെയും (25) മുരളി വിജയ്‌യെയും (68) അതിവേഗം നഷ്ടപ്പെട്ട ടീം ഇന്ത്യ മറ്റൊരു തകര്‍ച്ചയിലാക്കേണെന്ന് തോന്നിച്ചുകൊണ്ടാണ് ഇന്നലെ കളി തുടങ്ങിയത്. പൂജാരയെ റ്യാന്‍ ഹാരിസും വിജയ്‌യെ ഷെയ്ന്‍ വാട്‌സനും വീഴ്‌ത്തി. പക്ഷേ, ഇന്ത്യന്‍ ബാറ്റിംഗിന്റെ ശക്തി പ്രകടനം ആതിഥേയര്‍ കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.
12-ാം ഓവറില്‍ ഒന്നുചേര്‍ന്ന കോഹ്‌ലിയും രഹാനെയും എതിര്‍ ബൗളിംഗിനെ നിര്‍വീര്യമാക്കി. ആത്മവിശ്വാസം നിറച്ച സുന്ദരമായ സ്‌ട്രോക്ക് പ്ലേയിലൂടെ ഓസീസ് പേസര്‍മാരുടെ അടിതെറ്റിച്ചു ഇരുവരും. ആരംഭത്തില്‍ ലഭിച്ച ലെങ്ത് ബോളുകളില്‍ ഒന്നുപോലും കോഹ്‌ലി പാഴാക്കിയില്ല. ക്രീസില്‍ നിന്നു പുറത്തിറങ്ങിയ കോഹ്‌ലി മികച്ച ഡ്രൈവുകളിലൂടെ ജോണ്‍സനെയും ഹാരിസിനെയും അതിര്‍ത്തികടത്തിപ്പോന്നു.
രഹാനെകൂടി വന്നപ്പോള്‍ ബാറ്റിംഗ് അതിലും അനായാസം. റണ്ണൊഴുക്കിന്റെ വേഗമേറി. ഏകദിന മൂഡിലായിരുന്ന രഹാനെ ഓരോ പന്തിലും സ്‌കോര്‍ ചെയ്തു. ജോഷ് ഹാസെല്‍വുഡും വാട്‌സനും നന്നായി തുടങ്ങിയെങ്കിലും പിന്നീട് തല്ലുകൊള്ളികളുടെ വേഷംകെട്ടി.
ലഞ്ചിനുശേഷമുള്ള 12 ഓവറില്‍ 59 റണ്‍സാണ് ഇന്ത്യന്‍ സഖ്യം വാരിയത്. പുതിയ പന്തെടുത്തിട്ടും സ്മിത്തിനും കൂട്ടുകാര്‍ക്കും വിക്കറ്റ് പിഴാനായില്ല. ഇതിനിടെ ജോണ്‍സന്റെ പന്തില്‍ സ്ലിപ്പില്‍ കോഹ്‌ലി നല്‍കിയ ക്യാച്ച് വാട്‌സന്‍ കൈവിട്ടപ്പോള്‍ ആസ്‌ട്രേലിയയുടെ നെഞ്ചുപൊള്ളി. കോഹ്‌ലിയെ ജോണ്‍സന്‍ അല്‍പ്പം അങ്കലാപ്പിലാക്കിയെന്നു തോന്നിയവേള. പക്ഷേ, മറുവശത്ത് ഹാരിസിനെ മൂന്നു ബൗണ്ടറികള്‍ക്ക് പറത്തി രഹാനെ സഹതാരത്തിന്റെ സമ്മര്‍ദ്ദമകറ്റി.
ഷോര്‍ട്ട് പിച്ച് പന്തുകളെയെല്ലാം നന്നായി കൈകാര്യം ചെയ്ത രഹാനെയുടെ ആക്രമണോത്സുകത ഫില്‍ഡര്‍മാരെ താഴെയിറക്കാന്‍ സ്മിത്തിനെ പ്രേരിപ്പിച്ചു. അതൊന്നും രഹാനയെ സ്വാധീനിച്ചില്ല. സ്‌കോറിങ്ങിന്റെ കാര്യത്തില്‍ കോഹ്‌ലിയെ പിന്തള്ളിയ രഹാനെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയിലെത്തി. വ്യക്തിഗത സ്‌കോര്‍ 70ല്‍ നില്‍ക്കെ രഹാനെയുടെ ക്യാച്ച് നതാന്‍ ലയോണ്‍ കളഞ്ഞിരുന്നു.
അധികം വൈകാതെ കോഹ്‌ലി ഒമ്പതാം ടെസ്റ്റ് സെഞ്ച്വറി തികച്ചു; ഓസീസിനെതിരായ അഞ്ചാമത്തെയും. പരമ്പരയില്‍ കോഹ്‌ലിയുടെ മൂന്നാം ശതകംകൂടിയായത്. സുനില്‍ ഗവാസ്‌കറിനുശേഷം ആസ്‌ട്രേലിയക്കെതിരെ അത്തരമൊരു നേട്ടം ഉറപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനും കോഹ്‌ലി തന്നെ.
അവസാന സെഷനില്‍ ഇന്ത്യന്‍ ജോടി കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ജോണ്‍സനെ കോഹ്‌ലിയും രഹാനെയും ഹാട്രിക്ക് ബൗണ്ടറിക്കു പായിച്ചു. ടീം സ്‌കോര്‍ 400 കടന്നപ്പോള്‍ രഹാനെയെ ലയോണ്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. 262 റണ്‍സ് നീണ്ട നാലാം വിക്കറ്റ് സഖ്യത്തിന് അതോടെ അന്ത്യം.പിന്നെ ലോകേഷ് രാഹുലും (3) നായകന്‍ എം.എസ്. ധോണിയും (11), ആര്‍ .അശ്വിനും (0) വീഴുമ്പോള്‍ ഓസീസ് നേരിയ മേല്‍ക്കൈ വീണ്ടെടുത്തു. ഹാരിസിന് നാല് വിക്കറ്റ്; ലയോണിന് രണ്ടും.
















