തിരുവനന്തപുരം: ദേശീയഗെയിംസിന്റെ ആവേശം കായികലോകമെമ്പാടും അലയടിക്കാന്‍ നാഷണല്‍ ഗെയിംസ് തീം സോംഗ് ഒരുങ്ങി. ഗായകനും സംഗീത സംവിധായകനുമായ ഹരിഹരന് സംഗീത സംവിധാനം ചെയ്ത തീം സോംഗിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.
കായിക പ്രേമികളെ ആവേശം കൊള്ളിക്കുന്ന പ്രൊമോഷണല്‍ വീഡിയോയുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറാണ് കായിക പ്രേമികളെ ദേശീയ ഗെയിംസിലേക്ക് സ്വാഗതം ചെയ്യുന്നത്. ഗെയിംസ് ഗുഡ് വില്‍ അംബാസിഡര്‍ കൂടിയാണ് സച്ചിന്.
കേള്‍വിക്കാരില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും യുവത്വത്തിന്റെ ഉന്മാദവും ഊര്‍ജ്ജവും നിറച്ചാണ് ഹരിഹരന് സംഗീതം ചിട്ടപ്പെടുത്തിയിരുക്കുന്നത്. സംഗീതത്തിന്റെ വേറിട്ട വഴികളൂടെ സഞ്ചരിക്കുന്ന ഹരിഹന്‍ തികച്ചും വൃത്യസ്തമായ സംഗീതമാണ് കായികലോകത്തെ ആവേശം കൊള്ളിക്കാനായി തയ്യാറാക്കിയിരിക്കുന്നത്.
യുവജനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നതെന്നും ജീവിത വിജയത്തിനായി മനസര്‍പ്പിച്ച് ഉയരങ്ങളിലേക്ക് കുതിക്കാനും ആഹ്വാനം ചെയ്യുന്ന ഗാനം കളിയിലെ തോല്‍വിയും വിജയവുമല്ല പ്രധാനമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ദേശീയോദ്ഗ്രഥനവും കായികക്ഷമതയുമാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ കാതല്‍.
ഉറുദു കവിയും ഹിന്ദി ചലച്ചിത്ര ഗാനരചയിതാവുമായ പത്മവിഭൂഷന് ജാവേദ് അക്തറാണ് രചന. കെ.ജെ. യേശുദാസ്, സലീം മെര്‍ച്ചന്റ്, ശ്രേയാ ഘോഷാല്‍, ബെന്നിദയാല്‍, ശ്വേതമോഹന്‍, അക്ഷയ് ഹരിഹരന്, ഹരിഹരന് എന്നിവരാണ് തീം സോംഗ് ആലപിച്ചിട്ടുള്ളത്.
ഒളിംപ്യാ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ശശി തരൂര്‍ എംപി, എംഎല്‍എ മാരായ വി. ശിവന്‍കുട്ടി, എം.എ. വാഹിദ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, ഡിജിപി കെ.എസ്. ബാലസുബ്രമണ്യം, ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് എന്നിവരും സംബന്ധിച്ചു.
















