ബ്രിസ്‌ബെയ്ന്‍: അഡ്‌ലെയ്ഡില്‍ ആവേശക്കാഴ്‌ച്ചകള്‍ ഏറെയുണ്ടായിരുന്നു. ഫില്‍ ഹ്യൂസിനുവേണ്ടി ആസ്‌ട്രേലിയ ജയിച്ചുകയറുമ്പോഴും ടീം ഇന്ത്യ തലയുയര്‍ത്തി തന്നെയാണ് നിന്നത്. അതിന്റെ തുടര്‍ച്ചയെന്നോണം ബ്രിസ്‌ബെയ്‌നിലും ബാറ്റും ബോളും തമ്മിലെ അതിതീവ്ര യുദ്ധത്തിന് കളമൊരുങ്ങി.
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനത്തിലെ കളിയവസാനിക്കുമ്പോള്‍ ആസ്‌ട്രേലിയയും ഇന്ത്യയും ഒപ്പത്തിനൊപ്പം. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയത് 408 റണ്‍സ്. ഓസീസ് 4 വിക്കറ്റിന് 221 എന്ന നിലയില്‍. ഗബ്ബയിലെ പിച്ചില്‍ ആര്‍ക്കുവേണോ അതിനിര്‍ണായക ലീഡ് ഉറപ്പിക്കാമെന്നു സാരം.
ബൗളര്‍മാരുടെ ദിവസമായിരുന്നു കടന്നുപോയത്. 4ന് 311 എന്ന ശക്തമായ നിലയില്‍ നിന്ന് ബാറ്റിംഗ് ആരംഭിച്ച എം.എസ്. ധോണിക്കും കൂട്ടര്‍ക്കും അധികം മുന്നോട്ടുപോകാനായില്ല. അരങ്ങേറ്റ പേസര്‍ ജോസ് ഹാസെല്‍വുഡ് അഞ്ച് വിക്കറ്റുകള്‍ കൊയ്തപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ചൂളി. ആറു വിക്കറ്റുകള്‍ 87 റണ്‍സിനാണ് ധോണിപ്പട വലിച്ചെറിഞ്ഞത്. അജിന്‍ക്യ രഹാനെ (81) ഹേസല്‍വുഡിനെ നമിച്ചു;രോഹിത് ശര്‍മ്മയുടെ (32) അന്തകന്‍ ഷെയ്ന്‍ വാട്‌സനും. ധോണിയും (33) ആര്‍. അശ്വിനും (35) ഹേസെല്‍വുഡിന്റെ മൂര്‍ച്ചയെ അതിജീവിച്ചില്ല. വാലറ്റവും വീറുകാട്ടാതായപ്പോള്‍ ഇന്ത്യ പ്രതീക്ഷിച്ച സ്‌കോറിലെത്താതെ ചുരുണ്ടുകൂടി. മൂന്നു വിക്കറ്റ് നേടിയ ലയോണും ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നു.
കങ്കാരുപ്പടയ്‌ക്ക് ക്രിസ് റോജേഴ്‌സും ഡേവിഡ് വാര്‍ണറും ശുഭാരംഭം സമ്മാനിച്ചു. വാര്‍ണര്‍ മറ്റൊരു ശതകത്തിലേക്കാണെന്നു തോന്നി. പക്ഷേ, 28 പന്തില്‍ ആറു ബൗണ്ടറികളടക്കം 29 റണ്‍സെടുത്ത വാര്‍ണറെ ഉമേഷ് യാദവ് അശ്വിന്റെ കൈയിലെത്തിച്ചു. പിന്നെവന്ന ഷെയ്ന്‍ വാട്‌സനും ഏകദിന മൂഡിലായിരുന്നു. 29 പന്തില്‍ 25 റണ്‍സ് സ്വരുക്കൂട്ടിയ വാട്‌സനെ അശ്വിന്‍ കൂടാരംപൂകിച്ചു. ക്രിസ് റോജേഴ്‌സിനെയും (55) ഉമേഷ് അധികം വാഴാന്‍ അനുവദിച്ചില്ല. നങ്കൂരമിട്ടു കളിച്ച താത്കാലിക നായകന്‍ സ്റ്റീവന്‍ സ്മിത്ത് (65 നോട്ടൗട്ട്) ആതിഥേയരുടെ സ്‌കോറിന് ജീവന്‍ പകര്‍ന്നു. എങ്കിലും ഷോണ്‍ മാര്‍ഷിനെ (32) പുറത്താക്കി മൂന്നാം വിക്കറ്റ് തികച്ച യാദവ് ഓസീസിനെ അല്‍പ്പം ബാക്ക് ഫൂട്ടിലാക്കുക തന്നെ ചെയ്തു.
സ്‌കോര്‍ ബോര്‍ഡ്
ഇന്ത്യ- മുരളി വിജയ്
സി ഹാഡിന്‍ ബി ലയോണ്‍ 144, ശിഖര്‍ ധവാന്‍ സി ഹാഡിന്‍ ബി മിച്ചല്‍ മാര്‍ഷ് 24, ചേതേശ്വര്‍ പൂജാര സി ഹാഡിന്‍ ബി ഹേസല്‍വുഡ് 18, വിരാട് കോഹ്‌ലി, സി ഹാഡിന്‍ ബി ഹേസല്‍വുഡ് 19, അജിന്‍ക്യ രഹാനെ സി ഹാഡിന്‍ ബി ഹേസല്‍വുഡ് 81, രോഹിത് ശര്‍മ്മ സി സ്മിത്ത് ബി വാട്‌സന്‍ 32, എം.എസ്. ധോണി സി ഹാഡിന്‍ ബി ഹേസല്‍വുഡ് 33, ആര്‍. അശ്വിന്‍ സി വാട്‌സന്‍ ബി ഹേസല്‍വുഡ് 35, ഉമേഷ് യാദവ് സി റോജേഴ്‌സ് ബി ലയോണ്‍ 9, വരുണ്‍ ആരോണ്‍ സി സബ് (മാമസ് ലൂബുസ്ചാഗ്നെ) ബി ലയോണ്‍ 4, ഇഷാന്ത് നോട്ടൗട്ട് 1. എക്‌സ്ട്രാസ്- 8 ആകെ- ഓള്‍ ഔട്ട് 408
ബൗളിംഗ്
ജോണ്‍സന്‍- 21-4-81-0, ഹേസല്‍വുഡ് 23.2-6-68-5, സ്റ്റാര്‍ക്ക് 17-1-83-0, മിച്ചല്‍ മാര്‍ഷ് 6-1-14-1, ലയോണ്‍ 25.4- 2-105-3, വാട്‌സന്‍ 14.4-6-39-1, വാര്‍ണര്‍ 1-0-9-0, സ്മിത്ത് 1-0-4-0.
ആസ്‌ട്രേലിയ-
ക്രിസ് റോജേഴ്‌സ് സി ധോണി ബി യാദവ് 55, വാര്‍ണര്‍ സി അശ്വിന്‍ ബി യാദവ് 29, വാട്‌സന്‍ സി ധവാന്‍ ബി അശ്വിന്‍ 25, സ്മിത്ത് നോട്ടൗട്ട് 65, ഷോണ്‍ മാര്‍ഷ് സി അശ്വിന്‍ ബി യാദവ് 32, മിച്ചല്‍ മാര്‍ഷ് നോട്ടൗട്ട് 1. എക്‌സ്ട്രാസ് 8. ആകെ 4ന് 221.
ബൗളിംഗ്
ഇഷാന്ത്- 9-0-47-0, ആരോണ്‍ 12-1-59-0. യാദവ് 13-2-48-3, അശ്വിന്‍- 18-3-66-1.
















