ലണ്ടന്‍: തുടര്‍ തിരിച്ചടികളില്‍പ്പെട്ടുഴറുന്ന ഇംഗ്ലീഷ് വമ്പന്‍ ലിവര്‍പൂളിന് ആശ്വസിക്കാന്‍ ഒരു ജയം. ദുര്‍ബലരായ ബൗണ്‍മൗത്തിനെ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മറികടന്ന് റെഡ്‌സ് ലീഗ് കപ്പിന്റെ സെമി ഫൈനലില്‍ കടന്നു. റഹീം സ്റ്റെര്‍ലിങ്ങിന്റെ ഡബിള്‍ സ്‌ട്രൈക്ക് ലിവറിന്റെ ജയത്തിലെ സവിശേഷത.
പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ ഏറെ പിന്നോട്ടുപോകുകയും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുകയുമൊക്കെ ചെയ്ത ലിവര്‍പൂളിനും കോച്ച് ബ്രണ്ടന്‍ റോജേഴ്‌സിനും ആരാധകര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ജയം അനിവാര്യമായിരുന്നു. സ്റ്റെര്‍ലിങ് സ്‌കോര്‍ ചെയ്തിട്ടും നാളേറെയായി. രണ്ടിനും ബൗണ്‍മൗത്തിന്റെ കളത്തില്‍ ലിവര്‍പൂള്‍ പരിഹാരം കണ്ടു.
കളിയുടെ തുടക്കത്തില്‍ പൊസഷന്‍ ലിവര്‍പൂള്‍ അടിക്കിവാഴുക തന്നെ ചെയ്തു. ആദം ലല്ലാനയുടെ ഉശിരന്‍ ഷോട്ട് പറന്നുതടുത്തതില്‍ നിന്നു തുടങ്ങുന്നു ബൗണ്‍മൗത്ത് ഗോളി ബൊറുക്കിന്റെ പ്രയ്തനങ്ങള്‍.
എങ്കിലും 20-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. ലാസര്‍ മര്‍ക്കോവിക്കിന്റെ ലോഫ്റ്റ് ജോര്‍ഡാന്‍ ഹെന്‍ഡേഴ്‌സന്‍ ഗോള്‍ മുഖത്തേക്കു ഹെഡ്ഡ് ചെയ്തു. അവസരം മുതലാക്കിയ സ്‌റ്റെര്‍ലിങ് അഞ്ചുവാര അകലെന്ന് മറ്റൊരു ഹെഡ്ഡറിലൂടെ ലക്ഷ്യംകണ്ടു (1-0). 50 പാസുകള്‍ക്ക് സ്റ്റെര്‍ലിങ് പൂര്‍ണതയേകുമ്പോള്‍ സമകാലിക ഫുട്‌ബോളിലെ മനോഹരമായ ഗോളുകളിലൊന്നായി അതു മാറി.
ഏഴു മിനിറ്റുകള്‍ക്കുശേഷം മര്‍ക്കോവിക്കും സ്‌കോര്‍ ഷീറ്റിലെത്തി. ബൗണ്‍മൗത്ത്ബോക്‌സിലേക്കു ഫിലിപ്പ് കൗട്ടിഞ്ഞോ പന്തുമായി കയറുമ്പോള്‍ ടോമി എല്‍ഫിക്ക് ഒരു വിസില്‍ കേട്ടു. ഇതിനിടെ കൗട്ടിഞ്ഞോയുടെ ഷോട്ട് ബൊറുക്ക് തടുത്തു. ഓഫ്‌സൈഡിനുള്ള വിസിലാണെന്നു കരുതിയ എല്‍ഫിക്ക് പന്തു ക്ലിയര്‍ ചെയ്യാന്‍ അമാന്തിച്ചപ്പോള്‍ റീബൗണ്ട് പിടിച്ചെടുത്ത മര്‍ക്കോവിക്ക് ഗോള്‍ വരകടത്തി (2-0).
പിന്നാലെ ചുട്ടമറുപടി നല്‍കാന്‍ ബൗണ്‍മൗത്തിന് നല്ല അവസരം ലഭിച്ചെങ്കിലും യാന്‍ കെര്‍മോര്‍ഗാന്റിന്റെ സ്‌ട്രൈക്ക് ക്രോസ് ബാറിനു മുകളിലൂടെ പോയി.
രണ്ടാംപകുതിയാരംഭിച്ച് അധികം വൈകും മുന്‍പേ സ്റ്റെര്‍ലിങ് (51-ാം മിനിറ്റ്) ഇരട്ട ഗോള്‍ തികച്ചു. എല്‍ഫിക്കിനെ വെട്ടിച്ചുകയറിയ സ്റ്റെര്‍ലിങ് നിലംപറ്റെയുള്ള ഷോട്ടിലൂടെ ഗോള്‍വലയുടെ ഇടതുമൂല തുളച്ചു (3-0).
ലിവര്‍ ഏകപക്ഷീയ ജയം നേടുമെന്ന തോന്നിച്ച വേളയില്‍ ഡാന്‍ ഗോസ്‌ലിങ് ബൗണ്‍മൗത്തിനുവേണ്ടി ഒരെണ്ണം മടക്കി (3-1). പിന്നാലെ ആതിഥേയരുടെ റ്യാന്‍ ഫ്രേസര്‍ തൊടുത്ത ഹെഡ്ഡറും നേരിയ വ്യത്യാസത്തില്‍ പിഴച്ചു.
ഹാട്രിക്ക് തിയ്‌ക്കാനുള്ള അവസരം സ്റ്റെര്‍ലിങ് നശിപ്പിക്കുമ്പോഴേക്കും മത്സരവിരാമം. സെമിയില്‍ കരുത്തരായ ചെല്‍സിയാണ് ലിവര്‍പൂളിന്റെ എതിരാളി.
















