റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസിന് തുടര്‍ച്ചയായ രണ്ടാം സമനില. കഴിഞ്ഞയാഴ്ച ഫിയോറന്റീനയോട് ഗോള്‍രഹിത സമനില വഴങ്ങിയ ജുവന്റസ് ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ സാംപദോറിയയുമായി 1-1ന് സമനിലയില്‍ കുരുങ്ങി. 12-ാം മിനിറ്റില്‍ പാട്രിക് എവ്റയുടെ ഗോളിന് ജുവന്റസ് മുന്നിലെത്തിയെങ്കിലും 51-ാം മിനിറ്റില്‍ ഗാബിയാഡിയിലൂടെ സാംപദോറിയ സമനില നേടുകയായിരുന്നു.
സമനില പാലിക്കേണ്ടി വന്നെങ്കിലും 15 മത്സരങ്ങൡ നിന്ന് 36 പോയിന്റുമായി ജുവന്റസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുതന്നെയാണ്. എന്നാല്‍ മറ്റൊരു മത്സരത്തില്‍ റോമ 1-0ന് ഗനോവയെ കീഴടക്കിയതോടെ ജുവന്റസുമായുള്ള വ്യത്യാസം ഒരു പോയിന്റാക്കി ചുരുക്കി. 29-ാം മിനിറ്റില്‍ ഗനോവയുടെ മാറ്റിയ പെറിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
40-ാം മിനിറ്റില്‍ നെയ്ന്ഗോലനാണ് റോമയുടെ വിജയഗോള്‍ നേടിയത്. റോമക്ക് 15 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റാണുള്ളത്.
മറ്റൊരു മത്സരത്തില്‍ എസി മിലാന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നാപ്പോളിയെ കീഴടക്കി. കളിയുടെ ആറാം മിനിറ്റില്‍ ജെര്‍മി മെനസും 52-ാം മിനിറ്റില്‍ ബൊനാവെന്റുറയുമാണ് നാപ്പോളിക്കെതിരെ ഗോളുകള്‍ നേടിയത്.
ഈ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ 15 കളികളില്‍ നിന്ന് 27 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നാപ്പോളിക്ക് തുടരാമായിരുന്നു. എന്നാല്‍ പരാജയത്തോടെ അവര്‍ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം വിജയത്തോടെ മിലാന് 24 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മറ്റ് മത്സരങ്ങളില്‍ ഫിയോറന്റീന ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സെസെനയെയും വെറോണ 2-1ന് ഉദിനസെയെയും പരാജയപ്പെടുത്തിയപ്പോള്‍ പാര്‍മ-വെറോണ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
















