ഭുവനേശ്വര്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചശേഷം കാണികളെയും മാധ്യമപ്രവര്‍ത്തകരെയും അവഹേളിച്ച പാക്കിസ്ഥാന് ടീമിലെ രണ്ടു കളിക്കാരെ എഫ്ഐഎച്ച് (ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്) ഒരു മത്സരത്തില്‍ നിന്ന് വിലക്കി. മറ്റൊരു താരത്തിന് താക്കീതും നല്കി. താരങ്ങളെ ശിക്ഷിക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ വന്ന ഫോട്ടോകളില്‍ നിന്ന് മതിയായ തെളിവുകള്‍ ലഭിച്ചെന്ന് എഫ്ഐഎച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി.
മുഹമ്മദ് തൗസിക്, അലി അംജാദ് എന്നീ കളിക്കാരെയാണ് എഫ്ഐഎച്ച് വിലക്കിയത്. ഇതോടെ ഇവര്‍ക്ക് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കാനായില്ല. സഫ്ഖത് റസൂലാണ് ശാസിക്കപ്പെട്ടയാള്‍.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിന്റെ ഗ്യാലറിയെയാണ് പാക് താരങ്ങള്‍ അപമാനിച്ചത്. വാശിയേറിയ സെമിയില്‍ ഇന്ത്യയെ 4-3 കീഴടക്കിയതിന്റെ ഹുങ്കില്‍ പാക് താരങ്ങള്‍ കാണികള്‍ക്കുനേരെ അശ്ലീല അംഗവിക്ഷപങ്ങള് നടത്തുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും അവര്‍ വെറുതെവിട്ടില്ല.
ജഴ്സിയൂരി ചുഴറ്റിയും ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ചും അവര്‍ കായിക ലോകത്തിന്റെ മാന്യതയുടെ മുഖത്തേക്ക് ചെളിവാരിയെറിഞ്ഞു. പാക് താരങ്ങളുടെ വഴിവിട്ട പെരുമാറ്റം കളിക്കളത്തിനോട് ഏറെ അടുത്തയിടങ്ങളില്‍ ഇരുന്ന കാണികളെ ക്ഷുഭിതരാക്കിയിരുന്നു. പരിശീലകന്റെ വാക്കുകളെപ്പോലും തൃണവത്കരിച്ചായിരുന്നു താരങ്ങളുടെ ദുഷ്ചെയ്തി.
മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാക് കോച്ച് ഷഹനാസ് ഷെയ്ഖ് സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിമുഖത കാട്ടി. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഷെയ്ഖ് മാപ്പുപറഞ്ഞു. അവര്‍ ചെയ്ത തെറ്റിന് ഞാന്‍ ക്ഷമചോദിക്കുന്നു. അവര്‍ കുട്ടികളാണ്. ഞാനെന്തു ചെയ്യാന്‍ എന്നായിരുന്നു ഷെയ്ഖിന്റെ വിശദീകരണം.
പാക് ടീമിന്റെ നടപടിയോട് എഫ്ഐഎച്ച് അനങ്ങാപ്പാറ നയമാണ് തുടക്കത്തില്‍ സ്വീകരിച്ചത്.
ഈ സാഹചര്യത്തില്‍ ഹോക്കി ഇന്ത്യ ശക്തമായ നിലപാടുമായി രംഗത്തെത്തി. പാക് ടീമിനെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ മാര്‍ച്ചിലെ വേള്‍ഡ് വുമണ്‍സ് ലീഗിന്റെ റൗണ്ട് മൂന്നിനുശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയൊരുക്കില്ലെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദ്ര ബത്ര തറപ്പിച്ചുപറഞ്ഞു.
ഈ സാഹചര്യത്തില്‍ സത്വര നടപടികള്‍ക്ക് എഫ്ഐഎച്ച് പ്രേരിതമാവുകയായിരുന്നു.
















