പിഎസ്‌സിയുടെ കെടുകാര്യസ്ഥതയില്‍ ഉഴലുന്നത് പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ്. പഠനം കഴിഞ്ഞ് നീണ്ടകാത്തിരിപ്പിനുശേഷം പിഎസ്‌സി പരീക്ഷ എഴുതി ഉദ്യോഗം കിട്ടുമെന്ന പ്രതീക്ഷയില്‍ പിന്നെയും കാത്തിരുന്ന് നിരാശരായി കഴിയുന്നത് പതിനായിരങ്ങള്‍. ചിലപ്പോള്‍ പരീക്ഷതന്നെ എഴുതാന്‍ കാത്തിരിക്കേണ്ടത് ദശവര്‍ഷത്തിലേറെയാണ്. ഇതിന് പ്രധാന ഉത്തരവാദികള്‍ പിഎസ്‌സി നടത്തിപ്പുകാര്‍തന്നെ. വിവിധ വകുപ്പുകളിലായി നൂറുകണക്കിന് ഒഴിഞ്ഞതസ്തികകളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. പുതിയ റാങ്കുപട്ടികകള്‍ ശരിയാക്കാതെയാണ് കെടുകാര്യക്ഷമത പിഎസ്‌സി തെളിയിക്കുന്നത്.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിയമനത്തിനുള്ള പരീക്ഷ നടത്തിയിട്ട് വര്‍ഷം രണ്ടിലേറെയായിരിക്കുന്നു. നിലവില്‍ റാങ്ക് പട്ടികകളുടെ കാലാവധി മൂന്നുവര്‍ഷമാണ്. മെഡിക്കല്‍ ഓഫീസര്‍മാരുടെ നിയമനത്തിനുള്ള പഴയ നിയമന റാങ്ക് പട്ടിക കാലഹരണപ്പെട്ടിട്ട് കൊല്ലം രണ്ടായി. എന്നിട്ടും ഒഴിവുള്ള ഡോക്ടര്‍തസ്തികയില്‍ നിയമനം നടത്താന്‍ ശ്രമിക്കാതെ പിഎസ്‌സി ഗാഢനിദ്രയിലാണ്. മിക്ക ജോലികളുടെയും ഗതി ഇതുതന്നെ. ഉദ്യോഗാര്‍ത്ഥികളുടെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങളാണ് ഇക്കൂട്ടര്‍ തച്ചുടയ്‌ക്കുന്നത്. സമയാസമയങ്ങളില്‍ നിറവേറ്റേണ്ട പണികള്‍ ഉത്തവാദിത്തത്തോടെ ചെയ്യാതിരിക്കുന്നത് ജോലി എന്ന ആശയം മനസില്‍ പേറി നടക്കുന്നവര്‍ക്ക് ഇരുമ്പുദണ്ഡുകൊണ്ട് തലയില്‍ ഏല്‍ക്കുന്ന വന്‍പ്രഹരമാണ്. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ?
റാങ്ക്പട്ടിക നീട്ടലിന് കല്‍പ്പന കൊടുക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് പരീക്ഷ നടത്തി പുതിയ റാങ്ക്പട്ടിക തയ്യാറാക്കി നിയമനം നടത്താന്‍ നിര്‍ദ്ദേശിക്കാത്തത്. ഉദ്യോഗാര്‍ത്ഥികളെ നട്ടംതിരിക്കുന്ന പ്രവര്‍ത്തനശൈലി പിഎസ്‌സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. തൊഴിലന്വേഷകരെ വറചട്ടിയിലിട്ട് പൊള്ളിക്കുന്ന നയം പിഎസ്‌സി വെടിയണം. റാങ്ക് പട്ടിക നീട്ടാനുള്ള അവസരം ഉണ്ടാക്കരുത്. ഇത് പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ താഴ്മയോടെയുള്ള അപേക്ഷയാണ്.
















