അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. മത്സരത്തിന്റെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ അഞ്ചിന് 290 എന്ന നിലയിലാണ്.
ആദ്യ ഇന്നിംഗ്സിലെന്നപോലെ രണ്ടാം ഇന്നിംഗ്സിലും വാര്‍ണര്‍ നേടിയ സെഞ്ചുറിയാണ് ഓസ്ട്രേലിയയെ തുണച്ചത്.
ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ ഓസ്ട്രേലിയക്ക് 363 റണ്‍സിന്റെ ലീഡാണുള്ളത്. സ്മിത്ത് (52), ബ്രാഡ് ഹാഡിന് (14) എന്നിവരാണ് ക്രീസില്‍. ഇന്ന് രാവിലെ ലീഡ് 400 റണ്‍സ് ആക്കിയശേഷം ഡിക്ലയര്‍ ചെയ്ത് ഇന്ത്യയെ രണ്ടാം ഇന്നിംഗ്സില്‍ എറിഞ്ഞിടുക എന്നതായിരിക്കും ഓസ്ട്രേലിയന്‍ തന്ത്രം.
നേരത്തെ 369ന് അഞ്ച് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ 444 റണ്‍സെടുത്ത് ഓള് ഔട്ടായി. 134 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണാണ് ഇന്ത്യ എറിഞ്ഞിട്ടത്.
43 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. തുടര്‍ന്ന് കരണ്‍ ശര്‍മ (4), വൃദ്ധിമാന്‍ സാഹ (25), ഇഷാന്ത് ശര്‍മ (0), മുഹമ്മദ് ഷമി (34) എന്നിവര്‍ പെട്ടന്ന് കൂടാരം കയറി.
73 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിംഗ്സിനിറങ്ങിയത്. സ്കോര്‍ 38-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് വീണു. 21 റണ്‍സ് നേടിയ റോജേഴ്സിനെ കരണ്‍ ശര്‍മ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഷെയ്ന് വാട്സനുമൊത്ത് വാര്‍നര്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 33 റണ്‍സ് നേടിയ വാട്സനെ ഷമി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഏഴ് റണ്‍സ് നേടി വരുണ്‍ ആരോണിന്റെ പന്തില്‍ വൃദ്ധിമാന്‍ സാഹക്ക് ക്യാച്ച്നല്‍കി മടങ്ങി.
ആറാമനായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഓസീസ് ലീഡ് 300 കടത്തിയത്. 26 പന്ത് മാത്രം നേരിട്ട മാര്‍ഷ് മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പടെ 40 റണ്‍സ് നേടി. ഒടുവില്‍ രോഹിത് ശര്‍മ്മയുടെ പന്തില്‍ മുരളി വിജയിന് ക്യാച്ച് നല്‍കിയാണ് മാര്‍ഷ് മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി കരണ്‍ ശര്‍മ്മ രണ്ടും മുഹമ്മദ് ഷാമി, വരുണ്‍ ആരോണ്‍, രോഹിത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
















