മാന്നാര്‍: കുട്ടംമ്പേരൂര്‍ കുറ്റിയില്‍ ശ്രീദുര്‍ഗാ ദേവിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞ സമാപന ദിവസം 50 പേര്‍ക്ക് സാന്ത്വന നിധിയില്‍ നിന്നും ചികിത്സാ ധനസഹായം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുന്‍വര്‍ഷം ഇത് 25 പേര്‍ക്കാണ് നല്‍കിയത്. അപേക്ഷകരില്‍ അര്‍ഹരായവരെ കണ്ടെത്തി അവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് ഗുണഭോക്താക്കളെ കണ്ടെത്തുക. തിങ്കളാഴ്ച വൈകിട്ട് 6.30ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭദ്രദീപ പ്രതിഷ്ഠ നിര്‍വ്വഹിക്കും.
അയ്യപ്പസേവാസംഘം അഖിലേന്ത്യാ വൈസ്പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളിലായി ഭക്തിഗാനസുധ, ഭക്തിഗാനമേള, കുത്തിയോട്ട പാട്ടുചുവടും, നൃത്തസന്ധ്യ, പ്രഭാഷണം, എല്ലാ ദിവസവും അന്നദാനം, പ്രത്യേക പൂജകള്‍ എന്നിവയും നടക്കും. സമാപന ദിവസമായ 21ന് രാവിലെ 10ന് മന്ത്രി രമേശ് ചെന്നിത്തല ധനസഹായ വിതരണം നിര്‍വ്വഹിക്കും. ഭരണസമിതി പ്രസിഡന്റ് കെ.മദനേശ്വരന്‍, സെക്രട്ടറി ലീലാഭായി, പബ്ലിസിറ്റി കണ്‍വീനര്‍ എം.ബി. സനല്‍കുമാരപ്പണിക്കര്‍ തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
















