ചേര്‍ത്തല: സംസ്ഥാനത്തെ ചകിരി മേഖലയിലെ തൊണ്ട് ദൗര്‍ലഭ്യം പരിഹരിക്കാന്‍ തൊണ്ട് സംഭരണ പദ്ധതി പരിഷ്‌ക്കരിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിഗണനയിലാണെന്ന് കയര്‍ മന്ത്രി അടൂര്‍ പ്രകാശ്. പി. തിലോത്തമന്‍ എംഎല്‍എ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. തൊണ്ട് സംഭരിച്ച് ചകിരിയാക്കുന്നതിന് നാളികേര വികസന ബോര്‍ഡുമായി ചേര്‍ന്ന് 90,90,000 രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കയര്‍പിരി തൊഴിലാളികള്‍ക്ക് ത്രിഫ്റ്റ്, ഗ്രാറ്റുവിറ്റി എന്നിവ ഏതെങ്കിലും സര്‍ക്കാര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നല്‍കുന്നത് പരിഗണിക്കും. കയര്‍ സംഘങ്ങള്‍ക്ക് പരിഷ്‌ക്കരിച്ച 125 ഡീഫൈബറിങ് മെഷീനും 5717 ഇലക്‌ട്രോണിക് റാട്ടുകളും നിര്‍മ്മിച്ച് നല്‍കാന്‍ കയര്‍ മെഷിനറി ഫാക്ടറിക്ക് ഫണ്ട് നല്‍കിയിട്ടുണ്ട്. കയര്‍പിരി മേഖലയിലെ തൊഴിലാളികളുടെ കൂലി 260 രൂപയില്‍ നിന്നും 300 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, ആധുനികവത്ക്കരണത്തിലൂടെ കയര്‍മേഖലയില്‍ കൂടുതല്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
















