ന്യൂദല്‍ഹി: മതപരിവര്‍ത്തനം സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയ്‌ക്ക് സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മതംമാറ്റങ്ങള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമെന്നുണ്ടെങ്കില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറാണ്,പാര്‍ലമെന്റികാര്യമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.
ആഗ്രയില്‍ ഇരുനൂറിലേറെ മുസ്‌ലിം മതവിശ്വാസികള്‍ ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിവന്നതിനെതിരെ(മതപരാവര്‍ത്തനം) പാര്‍ലമെന്റില്‍ പ്രതിപക്ഷം ശബ്ദകോലാഹലം ഉണ്ടാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതുവിഷയവും ചര്‍ച്ചചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറാണ്. മതപരിവര്‍ത്തനമോ മതപരാവര്‍ത്തനമോ എന്തുമായിക്കൊള്ളട്ടെ, പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ വിശദമായ ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ തയ്യാറാണ്. എല്ലാ പാര്‍ട്ടികളും പിന്തുണയ്‌ക്കുമെന്നുണ്ടെങ്കില്‍ മതംമാറ്റം തടയാന്‍ നിയമവും കൊണ്ടുവരാം. അതായിരുന്നു ഗാന്ധിജിയുടെ ആഗ്രഹവും, വെങ്കയ്യ പാര്‍ലമെന്റിനു പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ തുടര്‍ന്നു.
പ്രലോഭിപ്പിച്ചാണ് മതംമാറ്റങ്ങള്‍ നടത്തുകയെന്ന് നേരത്തെ മുതല്‍ ആരോപണങ്ങളുണ്ട്. അതാണ് സംഭവമെങ്കില്‍ (ആഗ്രയിലെ) ഈ വിഷയം പാര്‍ലമെന്റ് തലനാരിഴകീറി ചര്‍ച്ചചെയ്യട്ടെ, ഒരു നിഗമനത്തില്‍ എത്തട്ടെ. സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിച്ച് ഈ പ്രശ്‌നം പരിഹരിക്കാം, മന്ത്രി പറഞ്ഞു.രാഷ്‌ട്രീയ ആഘോഷങ്ങള്‍ക്കായി പ്രതിപക്ഷം ഓരോ ദിവസവും ഓരോ വിഷയം എടുത്തു കൊണ്ടുവരികയാണ്. ഇത് അവര്‍ക്ക് യോജിക്കുന്നതല്ല. ആവശ്യം ആത്മാര്‍ഥമാണെങ്കില്‍ ചര്‍ച്ചയ്‌ക്ക് നോട്ടീസ് നല്‍കട്ടെ. ചര്‍ച്ചയ്‌ക്ക് സ്പീക്കറില്‍ നിന്ന് അനുമതി വാങ്ങട്ടെ, വെങ്കയ്യ പറഞ്ഞു.
മതംമാറ്റങ്ങളാണ് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെന്നാണ് ഗാന്ധിജി പറഞ്ഞിരുന്നത്. സഭ അനുവദിച്ചാല്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാം,അദ്ദേഹം പറഞ്ഞു.
നിര്‍ബന്ധിത മതംമാറ്റം പാടില്ല. ബിജെപി അംഗവും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് പറഞ്ഞു. ആഗ്രയില്‍ തെറ്റായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ യുപി സര്‍ക്കാര്‍ നടപടി എടുക്കട്ടെ. ഈ വിഷയം ലോക്‌സഭയില്‍ എന്തിനാണ് ഉന്നയിക്കുന്നതും സഭ സ്തംഭിപ്പിക്കുന്നതും, അദ്ദേഹം ചോദിച്ചു.
ആഗ്രയിലെ മതപരാവര്‍ത്തനത്തിന്റെ പേരില്‍ പ്രതിപക്ഷം ഇന്നലെയും പാര്‍ലമെന്റിന്റെ ഇരുസഭകളും അലങ്കോലമാക്കി.വിഷയം ഗൗരവത്തില്‍ കാണണമെന്നും ഇല്ലെങ്കില്‍ കലാപം ഉണ്ടകുമെന്നുമായിരുന്നു മുലായം സിംഗിന്റെ മുന്നറിയിപ്പ്.
ധര്‍മ്മജാഗരണ്‍ മഞ്ച്, ബജ്രംഗ്ദള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇരുനൂറോളം മുസ്‌ലിങ്ങള്‍ ഹിന്ദു ധര്‍മ്മത്തിലേക്ക് മടങ്ങിവന്നത്.
















