തിരുവനന്തപുരം: പട്ടിണിയും പ്രാരാബ്ദങ്ങളും കൂട്ടുകൂടിയ കൊച്ചുവീട്ടില്‍ നിന്ന് ചാക്കോയെത്തിയത് അപകടം തളര്‍ത്തിയ ശരീരവുമായി. ബൈസന്‍വാലി ചുരം കടന്ന് സ്വര്ണ്ണക്കുതിപ്പിനെത്തിയ ചാക്കോയ്ക്ക് പരിക്ക് തടസ്സമായില്ല.
ഫൈബര്‍ തണ്ടില്‍ ചാക്കോ ഉയര്‍ന്ന് പൊങ്ങിയത് 4.30 മീറ്റര്‍ ഉയരത്തിലേക്ക്. സംസ്ഥാന സ്കൂള്‍ കായികമേളയുടെ അവസാന ദിനത്തില്‍ നടന്ന പോള്‍വാള്‍ട്ട് മത്സരത്തില്‍ മീറ്റ് റെക്കോര്‍ഡിന് തലനാരിഴ വ്യത്യാസത്തിലാണ് ചാക്കോ തോമസ് ഒന്നാമതെത്തിയത്.
ഒരു വര്‍ഷം മുമ്പ് സ്കൂളില്‍ വച്ചുനടന്ന പരിശീലന ചാട്ടത്തില്‍ ഫൈബര്‍ പോള്‍ ഒടിഞ്ഞ് നിലത്തുവീണ ചാക്കോയുടെ നട്ടെല്ല് തകര്‍ന്നു. കായിക സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയെന്നു കരുതിയ അപകടം.
വിദഗ്ധ ചികിത്സ നല്കിയ ചാക്കോയെ രക്ഷിക്കുവാന്‍ നിത്യദാരിദ്ര്യത്തിന്റെ കയ്പുനീര്കുടിച്ചുകഴിയുന്ന കുടുംബത്തിന് അപ്രാപ്യമായിരുന്നു 2012ലെ സംസ്ഥാന സ്കൂള്‍ കായികമേളയിലെ പോള്‍വാള്‍ട്ട്. സ്വര്‍ണ്ണമെഡല്‍ ജേതാവായ ചാക്കോതോമസിനെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത് സ്കൂളിലെ കോച്ച് രാജുപോളായിരുന്നു. ചികിത്സാ ചെലവുകള്‍ മുഴുവന്‍ രാജുപോള്‍ വഹിച്ചു. ചാക്കോയുടെ പഠനവും പരിശീലനവും കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്കൂള്‍ ഏറ്റെടുത്തു. ചിട്ടയായ പരിശീലനങ്ങളിലൂടെ ചാക്കോ പരിക്കിനോട് പടവെട്ടി ഉയരങ്ങളിലേക്ക് കുതിച്ചുചാടാന്‍ തുടങ്ങി.
2014 ല്‍ അമച്വര്‍ ജൂനിയര്‍ സ്വര്‍ണ്ണം നേടി. കൊച്ചിയില്‍ നടന്ന സംസ്ഥാന കായികമേളയില്‍ ചാക്കോയ്ക്ക് പങ്കെടുക്കാനായില്ല. ഇടുക്കി ജില്ലയിലെ ബൈസന്വാലിയെന്ന മലയോര ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ തോമസിന്റെയും സാന്റിയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണ് ചാക്കോതോമസ്.
സഹോദരി മേരിമോള് ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ ചാക്കോയ്ക്കൊപ്പമെത്തിയെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.നിലംപതിക്കാറായ മൂന്നുമുറിയില്‍ തീര്‍ത്ത കൊച്ചുവീട്ടിലേക്ക് സുവര്‍ണ്ണ വിജയവുമായി കടന്നു ചെല്ലാനൊരുങ്ങുമ്പോഴും ഈ കായിക പ്രതിഭയുടെ കണ്‍കോണുകളില്‍ നീര്‍മുത്ത് വിരിയുകയാണ്.
ഏലത്തോട്ടത്തില്‍ കൂലി വേലയ്ക്ക് പോകുന്ന അച്ഛന് ഇടയ്ക്കിടെയുണ്ടാകുന്ന അസുഖങ്ങളും അമ്മയുടെ അസുഖവും സഹോദരങ്ങളുടെ പഠനവുമൊക്കെ ഈ കായികതാരത്തെ തളര്‍ത്തുകയാണ്. മികച്ച പരിശീലനവും സൗകര്യങ്ങളുമുണ്ടെങ്കില്‍ ഇതിലും വലിയ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ചാക്കോ തോമസിനു കഴിയും. 4.41 എന്ന ദേശീയ റെക്കോര്‍ഡ് പൊളിച്ചെഴുതാന്‍ ചാക്കോയ്ക്ക് സാധിക്കുമെന്ന് ഉറപ്പാണ്.
















