റിംഗില്‍ വഴുതിവീണ് കാലിന് പരിക്കേറ്റ രേഷ്മ രവിക്ക് കോച്ച് പ്രഥമ ശുശ്രൂഷ നല്കുന്നു
തിരുവനന്തപുരം: തകര്‍ത്തുപെയ്ത മഴയില്‍ നനഞ്ഞുകൂതിര്‍ന്ന എല്‍എന്‍സിപിഇ സ്റ്റേഡിയത്തിലെ ഷോട്ട് പുട്ട് റിംഗില്‍ വഴുതിവീണ് കായികതാരത്തിന് പരിക്ക്. തിരുവനന്തപുരം സായിയിലെ രേഷ്മാ രവിക്കാണ് വലതുകാല്‍ പാദത്തിന് പരിക്കേറ്റത്. ഉച്ചയ്‌ക്ക് 1.35ന് ആരംഭിക്കേണ്ട സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മഴമൂലം 2.50നാണ് ആരംഭിക്കാനായത്.
ഒഫിഷ്യലുകള്‍ ചാക്കും, സ്‌പോഞ്ചും കൊണ്ട് ഈര്‍പ്പമകറ്റിയാണ് മത്സരം ആരംഭിച്ചതെങ്കിലും നേരിയ ചാറ്റല്‍മഴ നിലനിന്നതിനാല്‍ റിംഗില്‍ വീണ്ടും വെള്ളം കെട്ടി. മത്സരത്തിനു മുമ്പുനടന്ന ട്രയലില്‍ ഷോട്ടുയര്‍ത്തി എറിയുന്നതിന് മുമ്പ് രേഷ്മ റിംഗില്‍ കാല്‍വഴുതി വീഴുകയായിരുന്നു. നാലുകിലോഭാരമുള്ള ഷോട്ട് ദേഹത്തു പതിക്കാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. രേഷ്മയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയശേഷം മത്സരം പുനരാരംഭിച്ചു. രേഷ്മയ്‌ക്ക് മത്സരിക്കാനായില്ല.
















