തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിലെ നടത്ത മത്സരത്തില്‍ സ്വര്‍ണം സഹോദരങ്ങള്‍ക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ സ്വര്‍ണം നേടിയ സുജിത്ത് കെ.ആറും ജൂനിയര്‍ പെണ്‍കുട്ടികളൂടെ മൂന്ന് കി.മീറ്ററില്‍ സ്വര്‍ണ്ണം നേടിയ സുജിത കെ.ആറുമാണ് ഈ അപൂര്‍വ സഹോദരങ്ങള്‍. സുജിത്ത് മീറ്റിന്റെ ആദ്യദിനം സ്വര്‍ണ്ണം നേടിയപ്പോള്‍ സുജിതയുടെ നേട്ടം ഇന്നലെയായിരുന്നു. സുജിത്ത് കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ എന്ന മലയോര മേഖലയിലെ സെന്റ് ജോസഫ്സ് എച്ച്എസിലെയും സുജിത നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ വിദ്യാര്‍ഥിനിയുമാണ്.
14 മിനിറ്റ് 39.84 സെക്കന്റില്‍ നടന്നെത്തിയാണ് സുജിത ഇന്നലെ പൊന്നണിഞ്ഞത്. വെള്ളിമെഡല്‍ നേടിയത് സുജിതയുടെ കൂട്ടുകാരിയും സഹപാഠിയുമായ ആതിര ശ്രീധരനാണ്. സമയം 14 മിനിറ്റ് 49.50 സെക്കന്റ്. പാലക്കാട് പറളി സ്കൂളിന്റെ വി.ആര്. വര്‍ഷ 15 മിനിറ്റ് 07.05 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി.
മീറ്റിന്റെ ആദ്യദിനം സീനിയര്‍ ആണ്‍കുട്ടികളില്‍ സുജിത്ത് കെ.ആര്. 22 മിനിറ്റ് 42.51 സെക്കന്റില്‍ നടന്നെത്തിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നത്. നെല്ലിപ്പൊയില്‍ പൂവത്തില്ചുവട് കളപ്പുരയ്ക്കല്‍ സുരേഷിന്റെയും അഞ്ജനയുടെയും മക്കളാണ് സുജിത്തും സുജിതയും.
സഹോദരങ്ങളായ അമലും ആതിരയും ഇന്നലെ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചവരില്‍പ്പെടുന്നു. ഇരുവരും നടത്തത്തില്‍ തന്നെയാണ് മെഡല്‍ നേടിയത്. ഇരുവരും നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ വിദ്യാര്‍ഥികളുമാണ്. ജൂനിയര്‍ ആണ്‍കുട്ടികളൂടെ 5 കി.മീ. നടത്തത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ അമലും ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കി.മീറ്ററില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആതിര ശ്രീധരനും വെള്ളി നേടി. നെല്ലിപ്പൊയില്‍ വാഴവളപ്പില്‍ ശ്രീധരന്റെയും സാവിത്രിയുടെയും മക്കളാണ് അമലും ആതിരയും. ഈ രണ്ട് സഹോദരങ്ങളുടെയും പരിശീലകന് നെല്ലിപ്പൊയില്‍ സ്കൂളിലെ കായികാധ്യാപകനായ മീനിഷാണ്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 കി.മീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളിയുടെ എ. അനീഷിനാണ് സ്വര്‍ണ്ണം. സമയം 24 മിനിറ്റ് 20.93 സെക്കന്റ്. ഇടുക്കി എസ്എന്വിഎച്ച്എസ്എസ്എന്ആര് സിറ്റിയുടെ സുബ്രഹ്മണ്യന് വെങ്കലവും നേടി.
















