പൊന്നണിഞ്ഞ ഏറിനൊരു ചക്കരയുമ്മ: ഹാമര്‍ത്രോയില്‍ സ്വര്ണ്ണംനേടിയ വിനിതയെ അച്ഛനും അമ്മയും ചേര്‍ന്ന് ഉമ്മ നല്കിയപ്പോള്
തിരുവനന്തപുരം: ജൂനിയര്‍ പെണ്‍കുട്ടികലുടെ ഹാമര്‍ത്രോയില്‍ 34.79 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ ചുഴറ്റിയെറിഞ്ഞ് വിനിത ആലപ്പുഴയ്ക്ക് ആദ്യ സ്വര്‍ണ്ണം നേടിക്കൊടുത്തു. സ്കോര്‍ പട്ടികയില്‍ ഒഴിഞ്ഞു കിടന്ന സ്വര്‍ണ്ണമെഡല്‍ കോളത്തില്‍ ആലപ്പുഴ കാര്‍മല്‍ അക്കാദമി എച്ച്എസ്എസിലെ പത്താംക്ലാസുകാരി വിനിത മേരി തോമസാണ് ആദ്യ അക്കം കുറിച്ചിട്ടത്.
പരിശീലന ഘട്ടത്തില്‍ 38 മീറ്ററോളം ദൂരേയ്ക്ക് ഇരുമ്പ് ഗോളം വീശിയെറിഞ്ഞ വിനിതയ്ക്ക് അതേ പ്രകടനം എല്‍എന്‍സിപിഇയിലെ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആവര്ത്തിക്കാനായെങ്കില് മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിലെ ജിന്‍സി ബെന്നി കഴിഞ്ഞവര്‍ഷം എഴുതിച്ചേര്‍ത്ത 36.04 എന്ന റെക്കോര്‍ഡ് തിരുത്തിയേനെ.
കഴിഞ്ഞ ദിവസം ഡിസ്ക്കസ് ത്രോയില്‍ സ്വര്ണ്ണംനേടിയ പാലക്കാട് പര്‍ളി എച്ച്എസ്എസിലെ നിഷ അവസാനനിമിഷം വരെ വിനിതയ്ക്ക് കടുത്ത വെല്ലുവിളി മുഴക്കി പിറ്റിലുണ്ടായിരുന്നു. 34.60 ദൂരമെറിഞ്ഞ് നിഷ വെള്ളികൊണ്ട് തൃപ്തിപെട്ടു. വിനിത ആദ്യമായാണ് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അരങ്ങേറ്റം കുറിച്ചത്. ബെന്നി-ലാലി ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തയാളാണ് വിനിത. ആലപ്പുഴ സെന്റ് ആന്റണീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹയാണ് സഹോദരി.
















