തിരുവനന്തപുരം: ഉയരങ്ങള്‍ കീഴടക്കുക എന്നത് അനന്തുവിന് പുത്തരിയില്ല. കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ഹൈജമ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 1.89 മീറ്റര്‍ ചാടി റെക്കോര്‍ഡ് സ്വര്‍ണ്ണം കരസ്ഥമാക്കിയ അനന്തു ഇത്തവണ ജൂനിയര്‍ വിഭാഗത്തിലും സ്വര്‍ണ്ണം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ആദ്യമായി മത്സരിക്കാനിറങ്ങിയ അനന്തു 2 മീറ്റര്‍ ഉയരമാണ് ഇന്നലെ താണ്ടിയത്. അനന്തുവിന്റെ സ്വര്‍ണ്ണനേട്ടം കാണാന്‍ ശ്രീനിത്ത് മോഹനും പരിശീലകന് നെല്‍സണും സ്റ്റേഡിയത്തിലെത്തിയിരുന്നു. ശ്രീനിത്ത്മോഹനും നെല്‍സണ്‍ മാഷിന്റെ ശിഷ്യനായിരുന്നു.
സ്കൂള്‍ മീറ്റിന്റെ ചരിത്രത്തില്‍ ഹൈജമ്പില്‍ രണ്ട് മീറ്റര്‍ താണ്ടിയ രണ്ടു താരങ്ങളും നെല്‍സണ്‍ മാഷിന്റെ ശിഷന്മാരാണെന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വാശിയേറിയ മത്സരത്തിനൊടുവിലാണ് അനന്തു സ്വര്‍ണമണിഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി വലയ്ക്കുന്ന കാലിലെ പരിക്ക് വകവയ്ക്കാതെ മത്സരിച്ചാണ് അനന്തു രണ്ടു മീറ്റര്‍ ഉയരം കുറിച്ചത്.
ഒപ്പത്തിനൊപ്പം മത്സരിച്ച പാലക്കാട് കുമരംപുത്തൂര്‍ സ്കൂളിന്റെ കെ. ഷംനാസ് 1.86 മീറ്ററില്‍ പോരാട്ടം അവസാനിപ്പിച്ചതോടെ സ്വര്‍ണമുറപ്പിച്ച അനന്തുവിന്റെ മുന്നില്‍ പിന്നീടുണ്ടായിരുന്ന ലക്ഷ്യം ശ്രീനിത്തിന്റെ റെക്കോാര്ഡായിരുന്നു.
1.88 മീറ്റര്‍ താണ്ടിയാണ് അനന്തു തുടങ്ങിയത്. പിന്നീട് 1.91, 1.94, 1.97, 2.00 മീറ്ററും പിന്നിട്ടു. പിന്നീട് 2.02 മീറ്റര്‍ മറികടക്കാനായി ശ്രമിച്ചെങ്കിലും മൂന്ന് ശ്രമങ്ങളും വിജയിച്ചില്ല. കഴിഞ്ഞ ദേശീയ സ്കൂള്‍ കായികമേളയിലും ദേശീയ ജൂനിയര്‍ മീറ്റിലും അനന്തു പൊന്നണിഞ്ഞിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിന്റെ താരമാണ് അനന്തു.
സ്കൂള്‍ മീറ്റുകളിലെ മിന്നും താരമായി വിലസിയ ശ്രീനിത്ത് മോഹന്റെ പാത പിന്തുടര്ന്നാണ് അനന്തുവും ജമ്പിങ്ങ് പിറ്റിലേക്ക് എത്തുന്നത്. ശ്രീനിത്ത് മോഹനും മുന്‍പ് ശ്രീകൃഷ്ണ എച്ച്എസ്എസിന്റെ താരമായിരുന്നു.
തന്റെ റെക്കോഡുകള്‍ അനന്തു തകര്‍ത്താല്‍ ഏറെ സന്തോഷമാകുമെന്നും ഈ വര്‍ഷം തന്നെ അത് നടക്കുമെന്നും അനന്തുവിന്റെ പ്രകടനം വീക്ഷിക്കാനെത്തിയ ശ്രീനിത്ത് മോഹന്‍ പറഞ്ഞു. ഇന്നലെ പരിക്കാണ് വിനയായത്. അല്ലെങ്കില്‍ ഇന്നലെ തന്നെ അത് അവന് തിരുത്തിയേനെ, ശ്രീനിത്ത് പറഞ്ഞു.
അതേസമയം റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും ജൂനിയര്‍ വിഭാഗത്തില്‍ ആദ്യമായി മത്സരിക്കാനിറങ്ങിയ മീറ്റില്‍ തന്നെ രണ്ടു മീറ്റര്‍ പിന്നിട്ട അനന്തുവിന്റെ പ്രകടനം ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് കോച്ച് നെല്‍സണ്‍ മാഷ് പറഞ്ഞു.
വെള്ളിമെഡല്‍ നേടിയ പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ ഷംനാസ്. കെ 1.86 മീറ്റര്‍ മാത്രമാണ് താണ്ടിയത്. ഇതേ ഉയരം മറികടന്ന മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ ദില്ഷന് കെ.കെ വെങ്കലവും കരസ്ഥമാക്കി.മഞ്ജുളാലിനടുത്ത് കരുവല്ലി വീട്ടില്‍ കൂലിപ്പണിക്കാരനായ ശശിയുടെയും നിഷയുടെയും മകനാണ് അനന്തു.
















