തിരുവനന്തപുരം: അതുല്യ സ്വര്‍ണ്ണം എറിഞ്ഞുവീഴ്‌ത്തിയപ്പോള്‍ സ്വന്തമായൊരു വീട് എന്ന സ്വപ്‌നം കൂടി യാഥാര്‍ത്ഥ്യമാകുകയാണ്. സബ്ജൂനിയര്‍വിഭാഗം പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണ്ണം നേടിയ അതുല്യ പി.എയ്‌ക്ക് നാട്ടിക ഗ്രാമപഞ്ചായത്താണ്് വീടുവച്ചുനല്‍കുമെന്ന വാഗ്ദാനം നല്‍കിയിരിക്കുന്നത്. നാട്ടിക പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും നേരിട്ടെത്തി വിവരം അതുല്യയെ അറിയിക്കുകയായിരുന്നു.
സ്വന്തമായി ഒരുതുണ്ടു ഭൂമിപോലും അതുല്യയുടെ കുടുംബത്തിന് ഇല്ല. വര്‍ഷങ്ങളായി അതുല്യയുടെ കുടുംബം വാടക വീട്ടിലാണ് താമസം. മാറിമാറിയുള്ള താമസം അതുല്യയുടെ പരിശീലനത്തെ ബാധിക്കുമെന്ന അവസ്ഥവരെ എത്തിനില്‍കുകയാണ്. അച്ഛന്‍ അജയ്‌ഘോഷ് കാര്‍ ഡ്രൈവറാണ്. ഇടയ്‌ക്കുവച്ച് ഞരമ്പിന് രോഗം ബാധിച്ച് ശരീരം തളര്‍ന്നുപോയി. ഇപ്പോള്‍ രോഗാവസ്ഥയില്‍ മാറ്റം ഉണ്ടെങ്കിലും അസുഖം പൂര്‍ണ്ണമായി ഭേദമാകാത്തതിനാല്‍ സ്ഥിരം ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
ഇടയ്‌ക്കിടയ്‌ക്ക് അജയ്‌ഘോഷിന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.ഈ അവസ്ഥ മനസ്സിലാക്കിയാണ് നാട്ടിക പഞ്ചായത്ത് ഭരണസമിതി സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത്. നാട്ടിക പഞ്ചായത്തില്‍തന്നെ ഭൂമി കണ്ടെത്തി വീടുവച്ചുനല്‍കാനാണ് പഞ്ചായത്ത് തീരുമാനം. പഞ്ചായത്ത് ഫണ്ടില്‍ നിന്നും പരമാവധിതുക അനുവദിച്ചും ബാക്കി തുക സഹായ നിധിയിലൂടെ സ്വരൂപിച്ചും സ്ഥലംവാങ്ങി വീടുവച്ച് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനില്‍ പുളിക്കല്‍ ജന്മഭൂമിയോട് പറഞ്ഞു.
കൂടാതെ നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിക്കും വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കുവാന്‍ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.തൃശൂര്‍ റവന്യൂ ജില്ലാ കായിക മേളയിലെ ചാമ്പ്യനായിരുന്നു അതുല്യ. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഡിസ്‌ക് ത്രോ, ഷോട്ട് പുട്ട്,600 മീറ്റര്‍ റേയിസ് എന്നിവയില്‍ സ്വര്‍ണ്ണം നേടിയാണ് ചാമ്പ്യനായത്. പനി ബാധിച്ചതിനാല്‍ 600 മീറ്റര്‍ റേയ്‌സില്‍ നിന്നും പിന്‍മാറി. നാട്ടിക ജിഎഫ്എച്ച് എസ്എസ്എസ്സിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അതുല്യ.
രതിയാണ് അതുല്യയുടെ മാതാവ്.പ്ലസ്ടുവിദ്യാര്‍ത്ഥിയായ സഹോദരന്‍ അമല്‍ഘോഷ് തൃശൂര്‍ ജില്ലാ ഫുഡ്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ കൂടിയാണ്. നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെ കണ്ണനാണ് അതുല്യയുടെ കോച്ച്. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യാധാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് അതുല്യ.
















