തിരുവനന്തപുരം: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസവും നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ലയുടെ കുതിപ്പ്.
കഴിഞ്ഞ വര്‍ഷം ആദ്യ രണ്ട് ദിവസവും ഒന്നാം സ്ഥാനത്ത് നിന്നിരുന്ന പാലക്കാടിന് ഇത്തവണ തിരിച്ചടിയേല്ക്കുന്നതിനാണ് രണ്ടാം ദിനവും സാക്ഷ്യം വഹിച്ചത്. 13 സ്വര്‍ണ്ണവും 13 വെള്ളിയും 9 വെങ്കലവുമടക്കം113 പോയിന്റുമായാണ് എറണാകുളത്തിന്റെ കുതിപ്പ്.
രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 77 പോയിന്റാണുള്ളത്. 9 സ്വര്‍ണ്ണവും 8 വെള്ളിയും 9 വെങ്കലവുമാണ് പാലക്കാടിന്റെ കൗമാര താരങ്ങള്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 5 സ്വര്‍ണ്ണവും 8 വെള്ളിയും 6 വെങ്കലവുമടക്കം 55 പോയിന്റ് നേടിയ കോഴിക്കോട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 2 വെങ്കലവുമടക്കം 46 പോയിന്റാണ് മാര്‍ബേസിലിനുള്ളത്. രണ്ടാം സ്ഥാനത്താണ് പാലക്കാട് ജില്ലയിലെ പറളി എച്ച്എസ് ആണ്. 6 സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമടക്കം 43 പോയിന്റ്. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് 4 വീതം സ്വര്‍ണ്ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 37 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. കുമരംപുത്തൂര്‍ കെഎച്ച്എസ് 27 പോയിന്റുമായി നാലാം സ്ഥാനത്തും എറണാകുളം ജില്ലയിലെ മാതിരപ്പിള്ളി സ്കൂള്‍ 21 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്.
ആദ്യ ദിനം അഞ്ച് പുതിയ റെക്കോര്‍ഡുകള്‍ പിറവിയെടുത്തപ്പോള്‍ ഇന്നലെ ഇതിനും ക്ഷാമമായിരുന്നു. രണ്ട് റെക്കോര്‍ഡുകള്‍ മാത്രമാണ് മീറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ പിറന്നത്. രണ്ടും പോള്‍വോള്‍ട്ടില്‍ നിന്നും. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കുമരംപുത്തൂര്‍ കെഎച്ച്എസിലെ നിവ്യ ആന്റണിയും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസിലെ മരിയ ജെയ്സണുമാണ് ഇന്നലത്തെപുതിയ റെക്കോര്‍ഡിന് അവകാശികളായത്.
സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ രേഷ്മ രവീന്ദ്രനും നിലവിലെ റെക്കോര്‍ഡ് മറികടന്നു.ജൂനിയര്‍ വിഭാഗത്തില്‍ 2012-ല്‍ മരിയ ജെയ്സണ്‍ സ്ഥാപിച്ച 3 മീറ്ററിന്റെ റെക്കോര്‍ഡാണ് നിവ്യ ആന്റണി 3.10 മീറ്റര്‍ ഉയര്‍ന്നുചാടി തിരുത്തിക്കുറിച്ചത്. സീനിയര്‍ വിഭാഗത്തില്‍ 2013-ല്‍ കൊച്ചിയില്‍ നടന്ന മീറ്റില്‍ കുമരംപുത്തൂരിന്റെ ഷാനി ഷാജി സ്ഥാപിച്ച 3.21 മീറ്ററിന്റെ റെക്കോര്‍ഡാണ് ഇന്നലെ 3.25 മീറ്റര്‍ ചാടിയാണ് മരിയ ജെയ്സണ്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
മൂന്നുതാരങ്ങള്‍ ഇന്നലെ ഇരട്ട സ്വര്‍ണത്തിന് അവകാശികളായി. പറളിയുടെ എം.വി. വര്‍ഷ, ഉഷ സ്കൂൡന്റെ ജിസ്ന മാത്യു, തൃശൂരിന്റെ അഞ്ജലി പി.ഡി. എന്നിവരാണ് ഡബിള്‍ തികച്ചത്.
ആദ്യദിനം സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ വര്‍ഷ ഇന്നലെ 5000 മീറ്ററിലും ഒന്നാമതെത്തിയാണ് ഡബിള്‍ തികച്ചത്. ജിസ്ന മാത്യു 400 മീറ്ററിലും 100 മീറ്ററിലും സ്വര്‍ണ്ണം നേടിയപ്പോള്‍ അഞ്ജലി പി.ഡി. 400ലും 100 മീറ്ററിലും സ്വര്‍ണ്ണം നേടിയാണ് ഡബിള്‍ തികച്ചത്.
















